'സുഡാനിലെ ഇന്ത്യക്കാര്‍ വീടിനുള്ളില്‍ തന്നെ തുടരണം
സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സുഡാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി എംബസി. ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി നിര്‍ദ്ദേശിച്ചു. സുഡാനിന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഒട്ടേറെ തവണ വെടിവയ്പ്പുണ്ടായതിന് പിന്നാലെയാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം.
‘റിപ്പോര്‍ട്ടുചെയ്ത വെടിവയ്പ്പുകളും ഏറ്റുമുട്ടലുകളും കണക്കിലെടുത്ത് എല്ലാ ഇന്ത്യക്കാരോടും പരമാവധി മുന്‍കരുതലുകള്‍ എടുക്കാനും വീടിനുള്ളില്‍ തന്നെ തുടരാനും നിര്‍ദ്ദേശിക്കുന്നു. ദയവായി ശാന്തരായിരിക്കുക. അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുക,’ ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി ട്വീറ്റില്‍ പറഞ്ഞു.
പ്രസിഡന്‍ഷ്യല്‍ കൊട്ടാരം, സുഡാനിലെ ആര്‍മി ചീഫ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ വസതി, ഖാര്‍ത്തൂമിലെ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്തതായി സുഡാനിലെ പാരാമിലിട്ടറി റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് അവകാശപ്പെട്ടതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈന്യവുമായുള്ള പോരാട്ടത്തെത്തുടര്‍ന്ന് സുഡാനിലെ പല പ്രധാന സ്ഥലങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവര്‍ അവകാശപ്പെട്ടിട്ടുണ്ട്.