സിലിക്കൺ വാലി ബാങ്ക് തകർച്ച: ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തിൽ ആഘാതം ഉണ്ടാക്കില്ലെന്ന് വിദഗ്ധർ
സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച ആഗോളതലത്തിൽ ആശങ്കകൾ സൃഷ്ടിച്ചെങ്കിലും, ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തിൽ ചലനങ്ങൾ സൃഷ്ടിക്കില്ലെന്ന് വിദഗ്ധരുടെ വിലയിരുത്തൽ. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന എസ്.വി.ബിയുടെ തകർച്ച ഇന്ത്യയിലും ആഘാതം സൃഷ്ടിച്ചേക്കാമെന്ന ആശങ്കകൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ബാങ്കിംഗ് രംഗത്തെ വിദഗ്ധർ വ്യക്തത വരുത്താൻ രംഗത്തെത്തിയത്. എസ്.വി.ബിയുടെ തകർച്ച ഇന്ത്യൻ ബാങ്കുകളെ ബാധിക്കുന്ന സാഹചര്യമില്ലെന്ന് ബാങ്ക് ഓഫ് ബറോഡയുടെ ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്നാവിസ് അറിയിച്ചു.
‘നിലവിൽ, ഇന്ത്യൻ ബാങ്കുകൾ വായ്പ അനുപാതത്തിന്റെ കാര്യത്തിൽ വളരെ സുരക്ഷിതമായ നിലയിലാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യൻ ബാങ്കുകളെ സംബന്ധിച്ചിടത്തോളം അമേരിക്കയിലെ ബാങ്കിന്റെ തകർച്ച പ്രത്യാഘാതം സൃഷ്ടിക്കില്ല’, സ്റ്റേറ്റ് ഹോൾഡർ എംപവർമെന്റ് സർവീസിലെ ജെഎൻ ഗുപ്ത പറഞ്ഞു. രാജ്യത്തെ ബാങ്കുകൾക്ക് ശക്തമായ സംവിധാനമാണ് ഉള്ളത്. വലിയ സ്വകാര്യ ബാങ്കുകളെ പോലും സെൻട്രൽ ബാങ്ക് സൂക്ഷ്മമായി നിരീക്ഷിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.