ചരിത്രം സൃഷ്ടിച്ച് ഷി ജിൻപിംഗിന് ചൈനീസ് പ്രസിഡന്റായി മൂന്നാമൂഴം : മത്സരരംഗത്ത് മറ്റൊരു സ്ഥാനാർത്ഥിയുമില്ല
ചൈനീസ് പ്രസിഡന്റായി തുടർച്ചയായ മൂന്നാം തവണയും ഷി ജിൻപിംഗിനെ തിരഞ്ഞെടുത്തു. മത്സര രംഗത്ത് മറ്റാരും ഇല്ലായിരുന്നു. ചൈനയിലെ റബ്ബർ സ്‌റ്റാമ്പ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി)യിലെ മൂവായിരത്തോളം അംഗങ്ങൾ ഷി ജിൻപിഗിനെ പ്രസിഡന്റാക്കാൻ ഏകകണ്ഠമായി വോട്ട് ചെയ്‌തതോടെയാണ് വെള്ളിയാഴ്‌ച പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരിക്കൽ കൂടി ഷി തിരഞ്ഞെടുക്കപ്പെട്ടത്.അതേസമയം, ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാനായും ഷി മൂന്നാം തവണ തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ പാർലമെന്റ് ചെയർ ആയി ഷാവോ ലെജിയെയും, പുതിയ വൈസ് പ്രസിഡന്റായി ഹാൻ ഷെങിനെയും ചൈനീസ് പാർലമെന്റ് ഇന്ന് തിരഞ്ഞെടുത്തു. നേരത്തെ പൊളിറ്റ് ബ്യൂറോ സ്‌റ്റാൻഡിംഗ് കമ്മിറ്റിയിലെ പാർട്ടി നേതാക്കളുടെ മുൻ സംഘത്തിൽ ഇരുവരും ഉണ്ടായിരുന്നു. അതേസമയം, 2018ൽ ഷി ജിൻപിംഗ് തന്നെ രണ്ട് തവണ മാത്രമേ പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കാവൂ എന്ന പരിധി എടുത്തുകളനഞ്ഞിരുന്നു. ഇതോടെ വിരമിക്കുകയോ, മരിക്കുകയോ, പുറത്താക്കപ്പെടുകയോ ചെയ്യുന്നതുവരെ ഷി ജിൻപിംഗിന് ചൈന ഭരിക്കാണ് കഴിയും.