അല്‍ ഖ്വയ്ദ തലവന്‍ സവാഹിരിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചു

വാഷിങ്ടണ്‍: അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയുടെ കൊലപാതകം സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. അഫ്ഗാനിസ്ഥാനിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടത്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ യുഎസ് ചാരസംഘടനയായ സിഐഎ ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തിയതായി ബൈഡൻ സ്ഥിരീകരിച്ചു. കാബൂളിലെ തന്‍റെ വസതിയുടെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന തീവ്രവാദി നേതാവിനെ രണ്ട് മിസൈലുകൾ ഉപയോഗിച്ച് വധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. 71 കാരനായ തീവ്രവാദി നേതാവിനെ വധിക്കാനുള്ള നീക്കത്തിന് അന്തിമ അംഗീകാരം നൽകിയത് താനാണെന്ന് ബൈഡൻ പറഞ്ഞു.

2011ൽ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സവാഹിരി അൽ ഖ്വയ്ദയുടെ തലവനായത്. ലാദനും സവാഹിരിയും ചേർന്നാണ് 9/11 ആക്രമണം ആസൂത്രണം ചെയ്തത്. “സവാഹിരിയുടെ കൊലപാതകത്തോടെ, ആക്രമണത്തിന്‍റെ ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിച്ചു,” ബൈഡൻ പറഞ്ഞു. നേത്രരോഗവിദഗ്ദ്ധനായ സവാഹിരി തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. ഈജിപ്തിലെ ഡോക്ടറായിരുന്ന സവാഹിരിയെ തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ ജയിലിലടച്ചു. ജയിൽ മോചിതനായ അദ്ദേഹം രാജ്യം വിട്ട് അഫ്ഗാനിസ്ഥാനിൽ എത്തി അവിടെ തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമായി. സവാഹിരി പിന്നീട് ബിൻ ലാദന്‍റെ വിശ്വസ്തനായി മാറി.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More