മാന്ദ്യം മുറുകുന്നു; യുകെക്ക് പിന്നാലെ ജപ്പാനും വീണു
ജപ്പാൻ ഇനി മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയല്ല. ജപ്പാനെ പിന്നിലാക്കിയിരിക്കുകയാണ് ജർമനി. ഉയരുന്ന പണപ്പെരുപ്പവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും മൂലം ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചിരിക്കുന്നവർ പോലും ജപ്പാനിലുണ്ട്. ചെലവു ചുരുക്കി ജീവിക്കുയാണ് മധ്യവർഗക്കാർ
സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതി വീണ് ജപ്പാൻ. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥ എന്ന പദവിയും നഷ്ടമായി. തുടർച്ചയായ രണ്ട് പാദങ്ങളിൽ ജപ്പാൻ്റെ ജിഡിപി കുത്തനെ ഇടിഞ്ഞതോടെയാണ് ജപ്പാൻ മാന്ദ്യത്തിലേക്ക് വീണു എന്ന റിപ്പോർട്ട് പുറത്ത് വന്നത്.
ദുർബലമായ ഉപഭോഗം, ഉയരുന്ന മൂലധനച്ചെലവുകൾ എന്നിവയാണ് തിരിച്ചടിയായത്. ജപ്പാൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം മുൻ പാദത്തിലെ 3.3 ശതമാനം ഇടിവിന് ശേഷം ഒക്ടോബർ-ഡിസംബർ കാലയളവിൽ 0.4 ശതമാനമാണ് ഇടിഞ്ഞത്.
കഴിഞ്ഞ വർഷമവസാനം തന്നെ ജപ്പാൻ അപ്രതീക്ഷിതമായി മാന്ദ്യത്തിലേക്ക് വീണിരുന്നു. കേന്ദ്ര ബാങ്കിൻെറ അയഞ്ഞ പണ നയമാണ് ജപ്പാനെ വീഴ്ത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. യെൻ ഇടിവ്, ചൈനയിലെ ദുർബലമായ ഡിമാൻഡ്, ടൊയോട്ട മോട്ടോർ കോർപ്പറേഷൻ്റെ മന്ദഗതിയിലുള്ള ഉപഭോഗം എന്നിവയെല്ലാം ജപ്പാനെ തളർത്തിയിരുന്നു.