വില കുറച്ചു തന്നാൽ ഇന്ത്യ എവിടെനിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുമോ?
ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതിയുടെ സ്രോതസുകളിൽ പ്രകടമായ മാറ്റം. ഇന്ത്യ പരമ്പരാഗതമായി ക്രൂഡോയിൽ ഇറക്കുമതി ചെയ്തിരുന്ന ഒപെക് രാജ്യങ്ങളിൽ നിന്നുള്ള വിഹിതം ചരിത്രത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് വീണു. ആദ്യമായാണ് രാജ്യത്തേക്കുള്ള മൊത്തം ഇറക്കുമതിയിൽ ഒപെക്കിന്റെ വിഹിതം 50 ശതമാനത്തിനും താഴെയാകുന്നത്. ഇതിന്റെ കാരണങ്ങൾ നോക്കാം.
ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതിയിൽ ഒപെക് രാജ്യങ്ങളിൽ നിന്നുള്ള വാർഷിക വിഹിതം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ. 2023 – 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസക്കാലയളവിൽ, സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിൽ (OPEC) നിന്നും ഇന്ത്യയിലേക്കുള്ള മൊത്തം ഇറക്കുമതിയുടെ വിഹിതം 49.6 ശതമാനത്തിലേക്കാണ് താഴ്ന്നത്.
അതേസമയം റഷ്യയിൽ നിന്നുളള ക്രൂഡോയിൽ ഇറക്കുമതി വിഹിതം ഇതേകാലയളവിൽ റെക്കോഡ് നിലയിലേക്ക് ഉയരുകയും ചെയ്തുവെന്ന്, ക്രൂഡോയിൽ വ്യാപാരവുമായും വ്യാവസായിക രംഗത്ത് പ്രവർത്തിക്കുന്നവരിൽ നിന്നും ലഭിക്കുന്ന ഡാറ്റയിൽ ഇതു വ്യക്തമാക്കുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡോയിൽ ഉപഭോക്താവാണ് ഇന്ത്യ. പരമ്പരാഗതമായി ഗൾഫ് രാജ്യങ്ങളെയാണ് ക്രൂഡോയിൽ ആവശ്യകതയ്ക്കായി ആശ്രയിച്ചിരുന്നത്.
ഒപെക് വിഹിതം 50ലും താഴെ
ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതിയിൽ ഒപെക് രാജ്യങ്ങളുടെ മൊത്തം വിഹിതം 50 ശതമാനത്തിലും താഴെയാകുന്നത്. 2023 കാലയളവിൽ പ്രതിദിനം 46.5 ലക്ഷം ബാരൽ ക്രൂഡോയിലാണ് ഇന്ത്യ ദിവസവും ഇറക്കുമതി ചെയ്തിരുന്നത്. ഇതിൽ 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസക്കാലയളവിൽ ഒപെക് രാജ്യങ്ങളുടെ വിഹിതം 49.6 ശതമാനമായി താഴ്ന്നു. 2022-23 സാമ്പത്തിക വർഷത്തെ സമാന കാലയളവിൽ ഒപെക്കിൽ നിന്നുള്ള ഇറക്കുമതി 64.5 ശതമാനമായിരുന്നു.