വമ്പൻ നേട്ടത്തിൽ ഏഷ്യയിൽ രണ്ടാം സ്ഥാനത്തെത്തി കേരള ബ്ലാസ്റ്റേഴ്സ്; മഞ്ഞപ്പട ആരാധകർക്ക് ഇത് അഭിമാന നിമിഷം
വീണ്ടുമൊരു ശ്രദ്ധേയ പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ( Kerala Blasters FC ) പേര്. രണ്ടാം സ്ഥാനത്തെത്തിയത് 2023 ഡിസംബറിലെ കണക്കുകളിൽ. ഇത് ഫാൻസ് പവർ.
2014 ൽ ഇന്ത്യൻ സൂപ്പർ ലീഗ് (Indian Super League) ആരംഭിച്ചത് മുതൽ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി (Kerala Blasters FC). നാളിതുവരെയായി ഒരു കിരീടം നേടാൻ സാധിച്ചിട്ടില്ലെങ്കിലും ടീമിന്റെ ആരാധക ബലത്തെ അതൊട്ടും ബാധിച്ചിട്ടില്ല. അതിന് തെളിവാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ മത്സരങ്ങളിൽ പോലും തിങ്ങിനിറയുന്ന ഗ്യാലറികളും, ടീമിന്റെ മത്സരത്തിന് ലഭിക്കുന്ന വ്യൂവർഷിപ്പുമെല്ലാം.
ഇപ്പോളിതാ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻ പവർ അവരെ ഒരു അഭിമാന നേട്ടത്തിൽ എത്തിച്ചിരിക്കുന്നു. കഴിഞ്ഞ മാസം ഏഷ്യയിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഇന്ററാക്ഷൻ നടന്ന സ്പോർട്സ് ടീമുകളിൽ ആദ്യ അഞ്ചിൽ ഇടം പിടിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഡിപോർടസ് ആൻഡ് ഫിനാൻസസ് പുറത്ത് വിടുന്ന റിപ്പോർട്ട് പ്രകാരം ഈ പട്ടികയിൽ അഞ്ചാം സ്ഥാനമാണ് കേരളത്തിന്റെ അഭിമാനമായ കേരള ബ്ലാസ്റ്റേഴ്സിന്. മുന്നിലുള്ള ടീമുകളിൽ ഒരു ഫുട്ബോൾ ടീം മാത്രമേ ഉള്ളൂ എന്നതാണ് ശ്രദ്ധേയം. അതായത് 2023 ഡിസംബറിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഇന്ററാക്ഷൻ നടന്ന ഏഷ്യൻ ഫുട്ബോൾ ടീമുകളിൽ രണ്ടാം സ്ഥാനമാണ് കേരള ബ്ലാസ്റ്റേഴ്സ്. മഞ്ഞപ്പട ആരാധകരുടെ കരുത്താണ് ഇതിലൂടെ വ്യകതമായിരിക്കുന്നത്.
ഡിസംബറിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ 26.3 മില്ല്യൺ (2.6 കോടി) നടന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ള ഫുട്ബോൾ ടീം പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ എഫ്സിയാണ്. സൗദി പ്രോ ലീഗിൽ കളിക്കുന്ന ഈ ടീമിന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പോയ മാസം 91 മില്ല്യൺ (9.1 കോടി) ഇടപെടലുകൾ നടന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം തന്നെയാണ് ഇവരെ ഈ ലിസ്റ്റിൽ ഒന്നാമതെത്തിച്ചത് എന്നത് ഉറപ്പ്.