ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തിരിച്ചടിയായി സൂപ്പർതാരങ്ങളായ ലിസാൻഡ്രോ മാർട്ടിനെസിന്റേയും റാഫേൽ വരാന്റേയും പരുക്ക്. മാർട്ടിനെസ് സീസണിലിനി കളിക്കില്ല എന്നാണ് ക്ലബ് അറിയിച്ചത്. മാർട്ടിനെസിന്റെ സെന്റർ ബാക്ക് പങ്കാളിയായ റാഫേൽ വരാനും പരുക്കിനെത്തുടർന്ന് കുറച്ച് ആഴ്ചകൾ പുറത്തിരിക്കും.
യുണൈറ്റഡിന്റെ ഫസ്റ്റ് ചോയിസ് സെന്റർ ബാക്കുകളാണ് മാർട്ടിനെസും വരാനും. കഴിഞ്ഞ ദിവസം സെവിയ്യക്കെതിരെ നടന്ന യൂറോപ്പാ ലീഗ് മത്സരത്തിനിടെയാണ് ഇരുതാരങ്ങൾക്കും പരുക്കേറ്റത്. കാൽപ്പാദത്തിനേറ്റ് പരുക്കാണ് മാർട്ടിനെസിന്റെ സീസൺ അവസാനിപ്പിച്ചത്. അതേസമയം വരാന്റെ പരുക്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്ലബ് നൽകിയിട്ടില്ല. എങ്കിലും കുറച്ചധികം മത്സരങ്ങളിൽ വരാനും പുറത്തിരിക്കേണ്ടിവരും.
ഈ സീസണിലാണ് അയാക്സിൽ നിന്ന് മാർട്ടിനെസ് യുണൈറ്റഡിലേക്ക് വരുന്നത്. ഉയരക്കുറവിന്റെ പേരിൽ തുടക്കത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും ഈ അർജന്റൈൻ താരം അധികം വൈകാതെ മികച്ച പ്രകടനം കൊണ്ട് എല്ലാവർക്കും മറുപടി നൽകി. സീസണിൽ യുണൈറ്റഡിന്റെ മികച്ച പ്രകടനത്തിൽ നിർണായകമാണ് മാർട്ടിനെസിന്റെ സേവനം.