മോശം പ്രകടനം; ഗ്രഹാം പോട്ടറെ പുറത്താക്കി ചെൽസി

ലണ്ടൻ ആസ്ഥാനമായുള്ള പ്രീമിയർ ലീഗ് മുൻ നിര ക്ലബ് ചെൽസി 11-ാം സ്ഥാനത്തെത്തിയതോടെ മോശം ഫലങ്ങളുടെ തുടർച്ചയായി കോച്ച് ഗ്രഹാം പോട്ടറെ പുറത്താക്കി. 2022 സെപ്റ്റംബറിലാണ് പോട്ടർ ചെൽസിയിൽ എത്തുന്നത്. പക്ഷേ 31 മത്സരങ്ങൾ മാത്രമേ അദ്ദേഹത്തിന്റെ പരിശീലന കാലാവധി നീണ്ടുനിന്നുള്ളൂ. അതിൽ തന്നെ കേവലം 12 മത്സരങ്ങൾ മാത്രമാണ് ടീമിന് വിജയിക്കാൻ കഴിഞ്ഞത്.

പോട്ടറുടെ കീഴിൽ, എസി മിലാനെ രണ്ടുതവണ തോൽപ്പിക്കുകയും ബൊറൂസിയ ഡോർട്ട്മുണ്ടിനെ പുറത്താക്കുകയും ചെയ്‌ത ചെൽസി അവരുടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാമതെത്തി കരുത്ത് തെളിയിച്ചിരുന്നു. എന്നാൽ ഈ മികവ് പ്രീമിയർ ലീഗിൽ ആവർത്തിക്കാൻ കഴിഞ്ഞില്ല. പ്രീമിയർ ലീഗിൽ, ചെൽസി ആദ്യ നാല് സ്ഥാനങ്ങളിൽ നിന്ന് താഴോട്ട് പോവുകയും ടേബിളിന്റെ അവസാന പകുതിയിലേക്ക് വഴുതി വീഴുകയും ചെയ്യുകയായിരുന്നു.

“ക്ലബിനൊപ്പമുള്ള സമയത്ത്, ഗ്രഹാം ഞങ്ങളെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് നയിച്ചിരുന്നു. അവിടെ ഞങ്ങൾ റയൽ മാഡ്രിഡിനെ നേരിടും. ഗ്രഹാമിന്റെ എല്ലാ ശ്രമങ്ങൾക്കും, സംഭാവനകൾക്കും ചെൽസി നന്ദി അറിയിക്കുകയും ഭാവിയിലേക്ക് അദ്ദേഹത്തിന് ആശംസകൾ നേരുകയും ചെയ്യുന്നു” ക്ലബ് പുറത്തുവിട്ട ഔദ്യോഗിക പ്രതികരണത്തിൽ വ്യക്തമാക്കി.

ആസ്‌റ്റൺ വില്ലയ്‌ക്കെതിരെ സ്വന്തം തട്ടകമായ സ്‌റ്റാംഫോർഡ് ബ്രിഡ്‌ജിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റതാണ് ചെൽസിയുടെ ചുമതലയിൽ പോട്ടറിന്റെ അവസാന മത്സരം. ഈ തോൽവി ചെൽസിയെ ആദ്യ നാലിൽ നിന്ന് 12 പോയിന്റുകൾ ദൂരത്തേക്ക് നയിച്ചതിനാൽ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് നഷ്‌ടപ്പെടുമെന്ന ആശങ്ക ഉയരുന്നുണ്ട്.

പോട്ടറെ പുറത്താക്കിയതിനെത്തുടർന്ന്, ചെൽസി ബ്രൂണോ സാൾട്ടറിനെ ടീമിന്റെ താൽക്കാലിക പരിശീലകനായി നിയമിച്ചു. ലീഗിൽ ആറാം സ്ഥാനത്തുള്ള ലിവർപൂളിനെതിരായ പ്രീമിയർ ലീഗ് മത്സരമായിരിക്കും സാൾട്ടറിന്റെ ആദ്യ ചുമതല.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More