oman Weather : ഒമാനിലെ തുടർച്ചയായ മഴ; വിവിധ ഗവർണറേറ്റുകളിലെ ഡാമുകൾ നിറഞ്ഞു
Today oman Weather Forecast: ഒമാനിലുടനീളം 56 അണക്കെട്ടുകൾ സ്ഥാപിക്കാൻ അടുത്തിടെ അധികൃതർ നിർദേശം നൽകിയിരുന്നു. രാജ്യത്തെ കൃഷി ആവശ്യങ്ങൾക്കായി വെള്ളം എത്തിക്കുന്നത് ഈ ഡാമുകളിൽ നിന്നാണ്. തെക്ക്-വടക്ക് ബാത്തിന എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക ഭൂപടങ്ങൾ തയാറാക്കി ആവശ്യമായ മുൻ കരുതൽ നടപടികൽ സ്വീകരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
മസ്കറ്റ്: കഴിഞ്ഞ കുറച്ചു ദിവസമായി ഒമാനിൽ ശക്തമായ മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. ന്യൂനമർദത്തിന്‍റെ ഭാഗമായി ഒമാനിൽ പതിവ് വർഷത്തിനും വിപരീതമായി മഴ ലഭിച്ചത്. ഇതിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിലെ ഡാമുകളിൽ എല്ലാം ജലനിരക്ക് ഉയർന്നു.
ബുറൈമിയിൽ ഡാമുകൾ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. 3.011 ദശലക്ഷം ഘനമീറ്റർ വെള്ളം ആണ് ഇപ്പോൾ ഇവിടെ ഉള്ളത്. ആറ് അണക്കെട്ടുകളാണ് നിറഞ്ഞൊഴുകുന്നതെന്ന് മഹ്ദ വിലായത്തിലെ കാർഷിക വികസന-ജലവിഭവ വകുപ്പ് മേധാവി എൻജിൻ സായിദ് ബിൻ ഖലീഫ അൽ ജാബ്രി പറഞ്ഞു.
മഹ്ദ ഡാം, അബു ഖല, മസാഹ്, ഹേവാൻ, മെസൈലിക്, അൽ ജാവിഫ് തുടങ്ങിയ രാജ്യത്തെ ഡാമുകളും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബുറൈമി ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ്-ജനറൽ ഓഫ് അഗ്രികൾചർ ആൻഡ് വാട്ടർ റിസോഴ്‌സിന്‍റെ മഴ നിരീക്ഷണ കേന്ദ്രങ്ങളിൽ വിലയ തരത്തിലുള്ള മഴയാണ് ലഭിച്ചത്. വിവിധ ഗവർണറേറ്റുകളിലും ഡാമുകളിൽ ജല നിരപ്പ് കൂടുതലാണ്.
ഒമാനിൽ മൊത്തം 174 ഡാമുകളാണ് ഉള്ളത്. 56 എണ്ണം ഭുഗർഭ ജല ഡാമുകളാണ്. 115 ഡാമുകൾ മഴവെള്ളം സംഭരിക്കുന്നത്. ഒമാന്റെ വിവിധ ഭാഗങ്ങളിൽ പ്രളയ സംരക്ഷണത്തിനായി മൂന്ന് ഡാമുകൾ നിർമിക്കാൻ അടുത്തിടെയാണ് ഒമാൻ ഭരണാധികാരി ഉത്തരവിട്ടത്.