യാത്രക്കാരന്റെ ലഗേജ് കണ്ട് കണ്ണുതള്ളി കസ്റ്റംസ്; ജീവനുള്ള പാമ്പും കുരങ്ങന്റെ കയ്യും ചത്ത പക്ഷിയും
ദുര്‍മന്ത്രവാദം യുഎഇയില്‍ കുറ്റകരമാണ്. ശിക്ഷാനിയമത്തിലെ ആര്‍ട്ടിക്കിള്‍ 316 പ്രകാരം ബ്ലാക്ക് മാജിക് ചെയ്യുന്നതോ ആഭിചാര വസ്തുക്കള്‍ കടത്താന്‍ ശ്രമിക്കുന്നതോ നിയമവിരുദ്ധമാണ്. നിയമലംഘകര്‍ക്ക് ജയില്‍ ശിക്ഷയോ പിഴയോ ലഭിക്കും. ജീവനുള്ള പാമ്പ്, കുരങ്ങന്റെ കൈ, ചത്ത പക്ഷി തുടങ്ങിയവ യാത്രക്കാരനില്‍ നിന്ന് പിടികൂടുന്നത് അപൂര്‍വ സംഭവമാണ്.
ദുബായ്: ആഫ്രിക്കന്‍ രാജ്യത്ത് നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരന്റെ ലഗേജ് പരിശോധിച്ചപ്പോള്‍ കിട്ടിയത് ജീവനുള്ള പാമ്പ്, കുരങ്ങന്റെ കൈ, ചത്ത പക്ഷി, മുട്ടകള്‍, ഏലസുകള്‍ എന്നിവ. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്ത ഒരു യാത്രക്കാരന്റെ ലഗേജില്‍ നിന്നാണ് ദുബായ് കസ്റ്റംസ് ഇവ പിടിച്ചെടുത്തത്.
ഒന്നാം ടെര്‍മിനലില്‍ ഇറങ്ങിയ യാത്രക്കാരന്റെ പെരുമാറ്റത്തിലും ലഗേജിലും സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധന നടത്തുകയായിരുന്നു. ഒരു പ്ലാസ്റ്റിക് ബോക്‌സില്‍ പാക്ക് ചെയ്ത നിലയിലാണ് പാമ്പിനെയും മറ്റും കണ്ടെത്തിയത്. ബോക്‌സ് തുറന്ന ഉദ്യോഗസ്ഥര്‍ ജീവനുള്ള പാമ്പിനെ കണ്ട് ശരിക്കും അമ്പരന്നു. യാത്രക്കാരനെ അറസ്റ്റ് ചെയ്ത് പോലീസിന് കൈമാറി. ഇയാള്‍ ദുര്‍മന്ത്രവാദിയാണെന്നാണ് കരുതുന്നത്.
ആഭിചാര ക്രിയകള്‍ക്ക് ഉപയോഗിക്കാനായി യുഎഇയിലേക്ക് കൊണ്ടുവന്നതാണ് ഇവയെന്നാണ് കരുതുന്നത്. മുട്ടകള്‍, ഏലസുകള്‍ എന്നിവയടക്കം ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്നതെന്ന് കരുതുന്ന വിവിധ വസ്തുക്കളും ഇയാളുടെ ബാഗില്‍ നിന്ന് കണ്ടെത്തി. ഇത് ആഭിചാര ക്രിയകള്‍ക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതെന്ന് ദുബായ് കസ്റ്റംസ് സൂചിപ്പിച്ചു.