സൗദിയിൽ മാസപ്പിറവി കണ്ടു; തിങ്കളാഴ്ച റമദാൻ ഒന്ന്
സൗദിയില്‍ മാസപ്പിറവി കണ്ടതായി റിപ്പോർട്ടുകൾ. നാളെ മുതൽ റംസാൻ വ്രതാരംഭമായി. മാസപ്പിറ കാണുന്നതിനായി വലിയ സന്നാഹങ്ങളാണ് വിവിധ രാജ്യങ്ങൾ ഒരുക്കിയിരുന്നത്.
സൗദി അറേബ്യയിൽ മാസപ്പിറവി കണ്ടു. ഇശാ നിസ്കാരാനന്തരം തറാവിഹ് നിസ്കാരത്തോടെ പുണ്യ റമാദാൻ ആരംഭിക്കും. തിങ്കളാഴ്ച റമദാൻ ഒന്ന് ആയിരിക്കും. യുഎഇയിൽ രൂപീകരിച്ച പ്രത്യേക സമിതിയും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു. അതെസമയം ഒമാൻ, ഫിലിപ്പൈൻ എന്നിവിടങ്ങളിൽ മാസപ്പിറ കാണുകയുണ്ടായില്ല.
ഞായറാഴ്ച വൈകീട്ട് റംസാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ 29 ആയതിനാൽ റംസാൻ മാസപ്പിറവിക്ക് സാധ്യതയുണ്ടെന്നും രാജ്യത്തുള്ളവരെല്ലാം നിരീക്ഷിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
ആരുടെയെങ്കിലും ദൃഷ്ടിയിൽ മാസപ്പിറ പതിഞ്ഞാൽ ഉടനെ അടുത്തുള്ള കോടതിയിൽ അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു സുപ്രീംകോടതി. മാസപ്പിറവി ദർശിക്കുന്നവർ 026921166 എന്ന നമ്പറില്‍ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു. യുഎഇയില്‍ തിങ്കളാഴ്ച റമദാന്‍ ഒന്നാകാന്‍ സാധ്യതയുള്ള ദിവസമാണ്. ഞായറാഴ്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ ചൊവ്വാഴ്ചയായിരിക്കും വ്രതം ആരംഭിക്കുക.