ബഹിഷ്‌കരണ ആഘാതം; സ്റ്റാര്‍ബക്‌സ് മിഡില്‍ ഈസ്റ്റ് ഓപറേറ്റര്‍ അല്‍ഷായ 2,000 ജീവനക്കാരെ പിരിച്ചുവിടുന്നു

മിഡില്‍ ഈസ്റ്റിലെ സ്റ്റാര്‍ബക്സിന്റെ ഫ്രാഞ്ചൈസിയാണ് അല്‍ഷായ ഗ്രൂപ്പ്. ഇതിനു കീഴിലെ 2,000ത്തിലധികം ജോലിക്കാരെയാണ് പിരിച്ചുവിടുന്നതെന്ന് റോയിട്ടേഴ്സ്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട ബഹിഷ്‌കരണ പ്രചാരണങ്ങളെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, മധ്യേഷ്യ എന്നിവിടങ്ങളിലെ 13 രാജ്യങ്ങളിലായി 2,000ത്തിലധികം സ്റ്റാര്‍ബക്സ് വില്‍പന കേന്ദ്രങ്ങള്‍ കടുത്ത വിപണി സാഹചര്യങ്ങളെ അഭിമുഖീകരിച്ചതായി റിപോര്‍ട്ടുണ്ട്.

കുവൈറ്റ് സിറ്റി: ലോകത്തിലെ ഏറ്റവും വലിയ കോഫിഹൗസ് ശൃംഖലയുള്ള അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനി സ്റ്റാര്‍ബക്‌സ് മിഡില്‍ ഈസ്റ്റില്‍ വാണിജ്യ പ്രതിസന്ധി നേരിടുന്നു. മിഡില്‍ ഈസ്റ്റിലെ സ്റ്റാര്‍ബക്സിന്റെ ഫ്രാഞ്ചൈസിയായ അല്‍ഷായ ഗ്രൂപ്പ് ഉപഭോക്തൃ ബഹിഷ്‌കരണം കാരണം 2,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിട്ടതായി റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേല്‍ പലസ്തീനില്‍ അടുത്തിടെ ആരംഭിച്ച അക്രമങ്ങളില്‍ പ്രതിഷേധിച്ച് അറബ് ലോകത്ത് പാശ്ചാത്യ കമ്പനികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായിരുന്നു. ഗാസയിലെ സമീപകാല സംഘര്‍ഷവുമായി ബന്ധപ്പെട്ട ഉപഭോക്തൃ ബഹിഷ്‌കരണത്തിന്റെ ഫലമായുണ്ടായ വ്യാപാര സാഹചര്യങ്ങള്‍ കാരണമാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് റോയിട്ടേഴ്സിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

1890 മുതല്‍ കുവൈറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുകയാണ് അല്‍ഷായ കമ്പനി. രണ്ടായിരത്തോളം ജോലിക്കാരെ പിരിച്ചുവിടുന്ന നടപടികള്‍ക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് തുടക്കംകുറിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപോര്‍ട്ട് വിശദീകരിക്കുന്നു. 50,000ത്തോളം ജീവനക്കാരുള്ള അല്‍ഷായയിലെ നാല് ശതമാനം ജോലിക്കാരെയാണ് ഒഴിവാക്കുന്നത്. മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലുടനീളമുള്ള (MENA) സ്റ്റാര്‍ബക്സിന്റെ വില്‍പന കുറഞ്ഞുവെന്ന് ഇത് വ്യക്തമാക്കുന്നു.

കഴിഞ്ഞ ആറ് മാസമായി തുടര്‍ച്ചയായി വെല്ലുവിളി നേരിടുന്ന വ്യാപാര സാഹചര്യങ്ങള്‍ കാരണമാണ് സ്റ്റാര്‍ബക്‌സ് MENA സ്റ്റോറുകളിലെ സഹപ്രവര്‍ത്തകരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ദുഃഖകരമായ തീരുമാനം എടുക്കേണ്ടിവന്നത്’- ഒരു പ്രസ്താവനയില്‍ അല്‍ഷായ സ്ഥിരീകരിച്ചു

സുപ്രധാനമായ മെന മേഖലയില്‍ ദീര്‍ഘകാല വളര്‍ച്ച കൈവരിക്കുന്നതിന് അല്‍ഷായയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സ്റ്റാര്‍ബക്‌സ് പ്രതിജ്ഞാബദ്ധമാണെന്ന് ഒരു സ്റ്റാര്‍ബക്സ് വക്താവ് പ്രതികരിച്ചു. ജോലി നഷ്ടപ്പെടുന്ന ജീവനക്കാര്‍ക്കൊപ്പമാണ് കമ്പനിയെന്നും അവരുടെ സംഭാവനകള്‍ക്ക് ഞങ്ങള്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നുവെന്നും കമ്പനി അറിയിച്ചു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More