രണ്ടു മാസത്തിനകം 33 കോടി രൂപ; കൈയബദ്ധത്തില്‍ സൗദി ബാലന്‍ മരിച്ച കേസില്‍ മലയാളിയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഉപാധി
റഹീമിനെ വാള്‍മുനയില്‍ നിന്ന് രക്ഷിക്കാന്‍ റിയാദിലെ വിവിധ സാമൂഹിക സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട നിയമസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. വധശിക്ഷ എന്ന നിലപാടില്‍ ഉറച്ചുനിന്ന സൗദി കുടുംബം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരിയും സഹായസമിതി അംഗങ്ങളും നടത്തിയ നിരന്തര ഇടപെടലുകള്‍ കാരണമാണ് മാപ്പിന് തയ്യാറായത്. സൗദി ഭരണാധികാരിക്ക് ദയാഹരജിയും നല്‍കിയിട്ടുണ്ട്.
റിയാദ്: കൈയബദ്ധത്തില്‍ സൗദി ബാലന്‍ മരിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 16 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന മലയാളി യുവാവിന് മാപ്പുനല്‍കാന്‍ തയ്യാറെന്ന് സൗദി കുടുംബം. 1.5 കോടി റിയാല്‍ (33 കോടി രൂപ) ദിയാധനം (ബ്ലഡ് മണി) ലഭിച്ചാല്‍ മാപ്പ് നല്‍കാമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം സമ്മതിച്ചതായി റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു.
രണ്ടു മാസത്തിനകം തുക ലഭിക്കണമെന്നാണ് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതെന്ന് സൗദി വിദേശകാര്യമന്ത്രാലയം ഇന്ത്യന്‍ എംബസിക്ക് രേഖാമൂലം നല്‍കിയ അറിയിപ്പില്‍ പറയുന്നു. കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ പരേതനായ മുല്ല മുഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുറഹീം ആണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്. വിചാരണാ കോടതിയും രണ്ട് മേല്‍ക്കോടതികളും വധശിക്ഷ വിധിച്ച കേസാണിത്.