വിശദ പഠനം വേണം; യുഎഇയില്‍ ഹെവി വാഹനങ്ങളുടെ ഭാരവും അളവുകളും നിയന്ത്രിക്കാനുള്ള നീക്കം മാറ്റി
റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുമാണ് 65 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. റോഡ് സുരക്ഷ വര്‍ധിക്കുന്നതിനൊപ്പം റോഡുകള്‍ വേഗത്തില്‍ തകരുന്നത് ഒഴിവാക്കാനും കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കാനും ഇതിലൂടെ സാധിക്കും. മറ്റ് രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരുന്ന ഹെവി വാഹനങ്ങള്‍ക്കും പ്രമേയത്തിലെ വ്യവസ്ഥകള്‍ ബാധകമായിരുന്നു.
അബുദാബി: രാജ്യത്തെ ഹെവി വാഹനങ്ങളുടെ ഭാരവും അളവുകളും നിയന്ത്രിക്കാനുള്ള നീക്കം യുഎഇ മാറ്റിവച്ചു. ഇത് സംബന്ധിച്ച പ്രമേയം നടപ്പാക്കുന്നത് മാറ്റിവയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത് ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്നത് സംബന്ധിച്ചും പ്രായോഗികത സംബന്ധിച്ചും വിശദമായ പഠനം നടത്താന്‍ മന്ത്രിസഭ ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തോട് നിര്‍ദേശിച്ചു
നിയന്ത്രണം ഏതെങ്കിലും ചരക്കുകളുടെയോ സേവനങ്ങളുടെയോ വിലയില്‍ അന്യായമായ വര്‍ധനവ് ഉണ്ടാക്കുമോയെന്ന് പരിശോധിക്കണം. അങ്ങനെ വന്നാല്‍ തടയുന്നതിനുള്ള സുപ്രധാന നടപടികള്‍ പഠിക്കുന്നതിനും നടപ്പിലാക്കുന്നതിനും എല്ലാ സാമ്പത്തിക സ്ഥാപനങ്ങളുമായും സഹകരിച്ച് വിശദമായ റിപോര്‍ട്ട് തയ്യാറാക്കാന്‍ സാമ്പത്തിക മന്ത്രാലയത്തോടും മന്ത്രിസഭ നിര്‍ദേശിച്ചിട്ടുണ്ട്.