പാകിസ്താൻ തൂക്കുമന്ത്രിസഭയിലേക്ക്: വിജയിച്ചുവെന്ന അവകാശവാദവുമായി ഇമ്രാൻ ഖാനും നവാസ് ഷെരീഫും
തെരഞ്ഞെടുപ്പ് തുടങ്ങി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഫലപ്രഖ്യാപനം വൈകുന്നതിൽ രാഷ്ട്രീയ അട്ടിമറി ആരോപണവും ഉയർന്നിരുന്നു. രാജ്യത്ത് വ്യാപകമായി ഭീകരാക്രമണവും പോലീസ് വെടിവയ്പ്പും നടന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 28 പേരാണ് കൊല്ലപ്പെട്ടത്.
ഇസ്ലാമാബാദ്: പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. വിജയം അവകാശപ്പെട്ട് മുൻ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും ഇമ്രാൻ ഖാനും രംഗത്തുവന്നതോടെയാണ് തെരഞ്ഞെടുപ്പിൽ അനിശ്ചിതത്വം ഉണ്ടായത്.
വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് തന്റെ പിഎംഎൽഎൻ എന്നായിരുന്നു നവാസ് ഷെരീഫിന്റെ അവകാശവാദം. എല്ലാവരുടേയും വിജയം അംഗീകരിക്കുന്നുവെന്നും മറ്റു രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കുമെന്നും ഷെരീഫ് വ്യക്തമാക്കി. പാകിസ്താനെ പുനർനിർമിക്കാൻ സുസ്ഥിരമായ ഒരു സർക്കാർ ആവശ്യമാണ്. ഇതിനായി മറ്റ് പാർട്ടികളുമായി കൈകോർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.