Chennai Bengaluru Mysuru Bullet Train High Speed Rail Project കണ്ണടച്ച് തുറക്കുന്നതിനിടെ ഈ മൂന്ന് നഗരങ്ങളിലെത്തും; ചെന്നൈ – ബെംഗളൂരു – മൈസൂരു ബുള്ളറ്റ് ട്രെയിൻ പദ്ധതി, 435 കിലോമീറ്റർ ദൂരം

ഏറെ തിരക്കുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ചെന്നൈ - ബെംഗളൂരു - മൈസൂരു ബുള്ളറ്റ് ട്രെയിനിന് വഴിയൊരുക്കാൻ അതിവേഗ റെയിൽ പാതയുടെ വിശദമായ ഡിപിആർ തയാറാക്കാനുള്ള സർവേ അതിവേഗത്തിൽ പുരോഗമിക്കുന്നു

ന്യൂഡൽഹി: വന്ദേ ഭാരത് ട്രെയിനുകൾ യാത്രക്കാർ ഏറ്റെടുത്തതിന് പിന്നാലെ കൂടുതൽ സൗകര്യവും വേഗതയും വാഗ്ദാനം ചെയ്യാനാകുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പാളത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ റെയിൽവേ. ഫെബ്രുവരി – മാർച്ച് മാസത്തോടെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുമെന്ന് റെയിൽവെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

വന്ദേ ഭാരത് ട്രെയിനുകൾ യാത്രക്കാർ ഏറ്റെടുത്തതോടെ ബുള്ളറ്റ് ട്രെയിനുകൾ അവതരിപ്പിക്കാനുള്ള ഒരുക്കം വേഗത്തിലാക്കുകയാണ്.
ആദ്യ ബുള്ളറ്റ് ട്രെയിൻ 2026 ഓടെ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ഗുജറാത്തിലെ സൂററ്റിലും ബിലിമോറയ്ക്കും ഇടയിലാകും രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസിന് തയാറെടുക്കുന്നത്. ബുള്ളറ്റ് ട്രെയിനിനായുള്ള നിർമാണ പ്രവൃത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

ബുള്ളറ്റ് ട്രെയിനുകൾ വൈകാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൂടെ പായുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ചെന്നൈ – ബെംഗളൂരു – മൈസൂരു ബുള്ളറ്റ് ട്രെയിനിന് വഴിയൊരുക്കാൻ അതിവേഗ റെയിൽ പാതയുടെ വിശദമായ ഡിപിആർ തയാറാക്കാനുള്ള സർവേ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. പദ്ധതിക്ക് പച്ചക്കൊടി കാട്ടിയാൽ മൂന്നുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കി ബുള്ളറ്റ് ട്രെയിൻ പാളത്തിലെത്തിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

435 കിലോമീറ്റർ വരുന്ന പുതിയ പാത തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകും. ദക്ഷിണേന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായുള്ള പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ഏറെ തിരക്കുള്ള മൈസൂരു, ബെംഗളൂരു, ചെന്നൈ നഗരങ്ങളിൽ അതിവേഗത്തിലെത്തിച്ചേരാനാകും. ചെന്നൈ – ബെംഗളൂരു – മൈസൂർ ഹൈസ്പീഡ് ട്രെയിൻ 9 സ്റ്റേഷനുകളിലൂടെ കടന്നുപോകും. തമിഴ്നാട്ടിലെ ചെന്നൈ, പൂനമല്ലി, ആരക്കോണം ആന്ധ്രാ പ്രദേശിലെ ചിറ്റൂർ കർണാടകയിലെ ബംഗാരപേട്ട്, ബെംഗളൂരു, ചന്നപട്ടണ, മാണ്ഡ്യ, മൈസൂരു എന്നിവടങ്ങളിലാകും സ്റ്റേഷനുകൾ.

ഒൻപത് സ്റ്റേഷനുകളുണ്ടെങ്കിലും ഈ പാതയിലെ ബുള്ളറ്റ് ട്രെയിനുകളുടെ വേഗത 250 മുതൽ 350 കിലോമീറ്റർ വരെയായിരിക്കും. സ്റ്റേഷനുകൾ തമ്മിൽ നിശ്ചിത അകലമുള്ളതിനാൽ ട്രെയിനുകൾക്ക് വേഗത്തിൽ സഞ്ചരിക്കാനാകും. പാത പൂർത്തിയാകുന്നതോടെ തിരക്കുള്ള നഗരങ്ങളായ ചെന്നൈ – മൈസൂരു യാത്രയ്ക്ക് രണ്ടുമണിക്കൂർ 25 മിനിറ്റ് മാത്രമായി ചുരുങ്ങും. ദക്ഷിണേന്ത്യയിലെ തിരക്കുള്ള മറ്റൊരു നഗരമായ ബെഗളൂരു – ചെന്നൈ യാത്രയുടെ സമയം ഒന്നരമണിക്കൂറായി ചുരുങ്ങും.

അതിവേഗ പാതയുടെ നിർമാണത്തിനായി മുൻപ് ജർമൻ – ചൈനീസ് കമ്പനികൾ സർവേ നടത്തിയിരുന്നു. എന്നാൽ ഈ സർവേ റെയിൽവേ അംഗീകരിക്കാതെ വന്നതോടെ മൂന്നാമതും സർവേ നടത്തുകയായിരുന്നു. 2016ൽ ജർമൻ കമ്പനി നടത്തിയ സർവേയിൽ 435 കിലോമീറ്റർ ദൂരം പാത പൂർത്തിയാക്കാൻ ഒരുലക്ഷം കോടി രൂപ ചെലവ് വരുമെന്നായിരുന്നു സർവേയിൽ പറഞ്ഞിരുന്നത്. റെയിൽ പാതയിലെ വളവുകൾ നിവർത്തിയാൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ സർവീസ് നടത്താൻ സാധിക്കുമെന്നായിരുന്നു ചൈനീസ് കമ്പനി വ്യക്തമാക്കിയത്. ഇതിനായി 4350 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. ഈ രണ്ട് സർവേകളും റെയിൽവേ തള്ളുകയും മൂന്നാമതും സർവേ നടത്തുകയുമായിരുന്നു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More