Ayodhya Ram Lallas Consecration Ceremony Delegates List കൊറിയയടക്കമുള്ള 54 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികളെത്തും; അയോധ്യയിലേക്ക് സൂപ്പർസ്റ്റാറുകളും, ലിസ്റ്റിൽ മോഹൻലാലും
അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22 തിങ്കളാഴ്ച നടക്കുന്ന പ്രതിഷ്ഠാചടങ്ങിൽ 54 രാജ്യങ്ങളിൽ നിന്നായി 100 പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പട്ടികയിലുണ്ട്
ലഖ്നൗ: ജനുവരി 22 തിങ്കളാഴ്ച അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാചടങ്ങിൽ 54 രാജ്യങ്ങളിൽ നിന്നായി 100 പ്രതിനിധികൾ പങ്കെടുക്കും. യുഎസ്എ, ബ്രിട്ടൻ, ഓസ്‌ട്രേലിയ, മൗറീഷ്യസ്, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ സർക്കാർ പ്രതിനിധികൾക്ക് രാമക്ഷേത്ര ട്രസ്റ്റ് ക്ഷണം അയച്ചിരുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 506 പേരെയും ക്ഷണിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ നിന്നുള്ള കിം ചിൽ സു ആണ് വിദേശത്ത് നിന്നുള്ള പ്രമുഖൻ. ക്വീൻ ഹിയോ രാജവംശത്തിൽപ്പെട്ടയാളാണ് അദ്ദേഹം. വിദേശത്ത് നിന്നെത്തുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിദേശത്ത് നിന്നുള്ള പ്രതിനിധികൾക്കൊപ്പം രാജ്യത്തെ വ്യവസായ പ്രമുഖരും കലാ – കായിക രംഗത്ത് നിന്നും സിനിമാ മേഖലയിൽ നിന്നുമുള്ളവരും പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കുമെന്ന് അതിഥികളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഹർഷു തിവാരി പറഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയും കുടുംബവും ആദിത്യ ബിർള ഗ്രൂപ്പ് ചെയർപേഴ്‌സൺ കുമാർ മംഗലം ബിർള, ഭാര്യ നിർജ, പിരാമൽ ഗ്രൂപ്പ് ചെയർപേഴ്‌സൺ അജയ് പിരമൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ആനന്ദ് മഹീന്ദ്ര, ഡിസിഎം ശ്രീറാമിന്റെ അജയ് ശ്രീറാം, ടിസിഎസ് സിഇഒ കെ കൃതിവാസൻ എന്നിവർക്കും ക്ഷണമുണ്ട്.
ഡോ റെഡ്ഡീസ് ഫാർമസ്യൂട്ടിക്കൽ കെ സതീഷ് റെഡ്ഡി, സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് സിഇഒ പുനിത് ഗോയങ്ക, എൽ ആൻഡ് ടി സിഇഒ എസ് എൻ സുബ്രഹ്മണ്യൻ, ഭാര്യ ദിവിസ് ലബോറട്ടറീസിലെ ദുരളി ദിവി, ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തി, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ മേധാവി നവീൻ ജിൻഡാൽ, നരേഷ് ട്രെഹാൻ എന്നിവർക്കും ക്ഷണമുണ്ട്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലി രാജ് എന്നിവരും പട്ടികയിൽ പരാമർശിക്കുന്നുണ്ട്.
സിനിമാ താരങ്ങളായ അമിതാഭ് ബച്ചൻ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, അല്ലു അർജുൻ, മോഹൻലാൽ, അനുപം ഖേർ, ചിരഞ്ജീവി എന്നിവരാണ് സിനിമാ മേഖലയിൽ നിന്നുള്ള മറ്റുള്ളവർ. സംഗീതജ്ഞൻ അംജദ് അലി, ഗാനരചയിതാവും കവിയുമായ മനോജ് മുൻതാഷിറും ഭാര്യയും, ഗാനരചയിതാവും എഴുത്തുകാരനുമായ പ്രസൂൺ ജോഷി, സംവിധായകരായ സഞ്ജയ് ബൻസാലി, ചന്ദ്രപ്രകാശ് ദ്വിവേദി എന്നിവർക്കും ക്ഷണമുണ്ട്.
മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ, ആസൂത്രണ കമ്മീഷൻ മുൻ ഉപാധ്യക്ഷൻ മൊണ്ടേക് സിംഗ് അലുവാലിയ എന്നിവരും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. ഇന്ത്യയുടെ ജി 20 ഷെർപ്പ അമിതാഭ് കാന്ത്, മുൻ നയതന്ത്രജ്ഞൻ അമർ സിൻഹ, മുൻ അറ്റോർണി ജനറൽമാരായ കെകെ വേണുഗോപാൽ, മുകുൾ റോത്തഗി എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മറ്റ് അതിഥികളും ഞായറാഴ്ചയോടെ അയോധ്യയിലോ ലഖ്നൗവിലെ എത്തിച്ചേരും. സ്വകാര്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള വിമാനങ്ങളിലാകും പലരും എത്തുക. അയോധ്യയിലെ വിമാനത്താവളത്തിൽ സ്വകാര്യ വിമാനങ്ങൾ ഇറങ്ങുന്നതിന് 50 ലധികം അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. ക്ഷണം ലഭിച്ചവരെല്ലാം ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതിയില്ല.