യെദ്യൂരപ്പ സംസാരിക്കുന്നത് പാര്‍ട്ടി സമ്മര്‍ദ്ദത്തില്‍
മുതിര്‍ന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബിജെപി നേതാവ് ജഗദീഷ് ഷെട്ടാര്‍. വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷെട്ടാറിനെ പരാജയപ്പെടുത്തണമെന്ന യെദ്യൂരപ്പയുടെ ആഹ്വാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യെദ്യൂരപ്പ ഇങ്ങനെ പറയുന്നതെന്നും ഷെട്ടാര്‍ ആരോപിച്ചു.
ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രലില്‍ നിന്ന് ജഗദീഷ് ഷെട്ടാര്‍ വിജയിക്കാതിരിക്കാന്‍ എല്ലാ ബിജെപി നേതാക്കളും പരിശ്രമിക്കുമെന്നാണ് യെദ്യൂരപ്പ പറഞ്ഞത്. യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയ്ക്ക് ബിജെപി പാര്‍ട്ടി ടിക്കറ്റ് നല്‍കിയില്ലായിരുന്നെങ്കില്‍ മുതിര്‍ന്ന നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തില്ലായിരുന്നുവെന്നും ഷെട്ടാര്‍ പറഞ്ഞു.
‘ഷെട്ടാര്‍ ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കരുതെന്ന് ഞാന്‍ പ്രവര്‍ത്തകരോട് പറഞ്ഞു. ഞങ്ങളുടെ സ്ഥാനാര്‍ത്ഥി വിജയിക്കണം. ഞങ്ങള്‍ ഇവിടെ വലിയ റാലികളും പൊതുയോഗങ്ങളും നടത്തും. ഷെട്ടാര്‍ വിജയിക്കാതിരിക്കാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കും. ഷെട്ടാര്‍ ഈ മണ്ഡലത്തില്‍ വിജയിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് എല്ലാ നേതാക്കളും പ്രതിജ്ഞയെടുത്തിട്ടുണ്ട്’ ഹുബ്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് യെദ്യൂരപ്പ പറഞ്ഞു.
ജഗദീഷ് ഷെട്ടാറിന്റെ സ്വന്തം മണ്ഡലമായ ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രലില്‍ നിന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി മഹേഷ് തെങ്കിങ്കൈയെയാണ് ബിജെപി ഇത്തവണ മത്സരിപ്പിച്ചത്.’വിജയേന്ദ്രയ്ക്ക് ടിക്കറ്റ് ലഭിച്ചില്ലായിരുന്നെങ്കില്‍ എന്താകും സ്ഥിതി, ഈ പ്രസ്താവന വരില്ലായിരുന്നു’ യെദ്യൂരപ്പയുടെ പ്രസ്താവനയോട് പ്രതികരിച്ച് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. ‘ഞാന്‍ വ്യക്തിപരമായി യെദ്യൂരപ്പയെ കണ്ടു. എനിക്ക് തിരഞ്ഞെടുപ്പ് ടിക്കറ്റ് നല്‍കണമെന്നും അല്ലെങ്കില്‍ വടക്കന്‍ കര്‍ണാടകയില്‍ പാര്‍ട്ടിക്ക് 20-25 സീറ്റുകള്‍ നഷ്ടപ്പെടുമെന്നും അദ്ദേഹം പാര്‍ട്ടി ഹൈക്കമാന്‍ഡിനോട് പറഞ്ഞതാണ്.പാര്‍ട്ടി സമ്മര്‍ദ്ദം മൂലമാണ് അദ്ദേഹം ഇങ്ങനെ സംസാരിക്കുന്നത്.’ ഷെട്ടാര്‍ കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ് യെദ്യൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്രയെ ശിക്കാരിപുരയില്‍ നിന്ന് ബിജെപി മത്സരിപ്പിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി പിതാവ് കൈവശം വച്ചിരുന്ന അതേ മണ്ഡലത്തില്‍ നിന്നാണ് വിജയേന്ദ്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
കര്‍ണാടക തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കിയപ്പോള്‍ ഇതില്‍ ജഗദീഷ് ഷെട്ടാറിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ കാണുകയും ഹുബ്ലി- ധാര്‍വാഡില്‍ നിന്ന് മത്സരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആറ് തവണ എംഎല്‍എയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ഷെട്ടാറിന് തിരഞ്ഞെടുപ്പ് ടിക്കറ്റ് ലഭിക്കുമെന്ന് ബിഎസ് യെദ്യൂരപ്പ പോലും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍, ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പോലും തന്റെ പേര് ഇടംപിടിക്കാതിരുന്നത് ഷെട്ടാറിന് അപമാനമായി തോന്നി. തുടര്‍ന്ന് അദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അദ്ദേഹത്തെ സ്വന്തം മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കും. മെയ് 10 നാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്. മെയ് 13 ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.