രാജ്യത്ത് ഇന്ന് മുതൽ പ്രകൃതിവാതകത്തിന്റെ വില കുറയും, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് ഇന്ന് മുതൽ പ്രകൃതിവാതകത്തിന്റെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ 8 മുതൽ 30 വരെയുള്ള കാലയളവിൽ പ്രകൃതിവാതകത്തിന്റെ വില മെട്രിക് മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് 7.92 ഡോളർ ആയിരിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രകൃതിവാതകങ്ങളുടെ വില കുറയുക. സിഎൻജി, പിഎൻജി എന്നിവയുടെ വില 9 ശതമാനം മുതൽ 11 ശതമാനം വരെയാണ് വില കുറയാൻ സാധ്യത.
നിലവിൽ, പ്രകൃതിവാതകത്തിന്റെ വിലനിർണയ മാർഗ്ഗനിർദ്ദേശങ്ങളിൽ കേന്ദ്രമന്ത്രിസഭ മാറ്റം വരുത്തിയിട്ടുണ്ട്. 2014- ലെ വില നിയന്ത്രണ നയത്തിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. ഇതുവരെ ലോകത്തിലെ നാല് പ്രമുഖ ഗ്യാസ് ഉൽപ്പാദന കേന്ദ്രങ്ങളിലെ രാജ്യാന്തര വിലയെ അടിസ്ഥാനമാക്കി വില നിർണയിക്കുന്ന രീതിയാണ് പിന്തുടർന്നിട്ടുള്ളത്.
സിഎൻജി നിരക്കിൽ മാറ്റങ്ങൾ വരുന്നതോടെ വാഹന ഉടമകൾക്ക് വലിയ ആശ്വാസമാണ് ലഭിക്കുക. നിലവിൽ, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒരു കിലോ സിഎൻജിയുടെ വില 92 രൂപയാണ്. എന്നാൽ, വില കുറയ്ക്കുന്നതോടെ ഒരു കിലോ സിഎൻജിക്ക് 83 രൂപയാകുമെന്നാണ് വിലയിരുത്തൽ.