കയ്യില്‍ ടാറ്റു ചെയ്തതോടെ ഐപിഎസ് മോഹം പൊലിഞ്ഞു; യുവാവ് തൂങ്ങിമരിച്ചു

ഡല്‍ഹില്‍ യുപിഎസ്സി ഉദ്യോഗാര്‍ത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചത് ഐപിഎസ് സ്വപ്‌നം അവസാനിച്ചെന്ന തോന്നലെന്ന് കണ്ടെത്തല്‍. ലഖ്നൗ സ്വദേശിയായ അഭിഷേക് ഗൗതം തന്റെ കയ്യില്‍ പച്ച കുത്തിയിരുന്നു. അതിനാല്‍ ഐപിഎസ് ഓഫീസറാകാന്‍ കഴിയില്ലെന്നറിഞ്ഞ് ഇയാള്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. 2021 ഫെബ്രുവരി 25-ന് ആയിരുന്നു ആത്മഹത്യ. സംഭവം കൊലപാതകമാണെന്നായിരുന്നു അഭിഷേകിന്റെ ബന്ധുക്കളുടെ ആരോപണം.

2020ലെ യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കാനാണ് അഭിഷേക് യുപിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. യുപിഎസ്സിയില്‍ വിജയിച്ച് ഐപിഎസ് ഓഫീസറാകണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഇയാള്‍. രജീന്ദര്‍ നഗറില്‍ ഒരു വീട് വാടകയ്‌ക്കെടുത്തായിരുന്നു താമസം.
മുറിയുടെ ചുമരുകളില്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും മറ്റും ഇയാള്‍ പതിപ്പിച്ചിരുന്നു. സ്വന്തം പേഴ്‌സില്‍ വരെ ഐപിഎസ് മോഹം എഴുതി സൂക്ഷിച്ചിരുന്നു. 2021ല്‍ ഐപിഎസ് നേടണമെന്നായിരുന്നു ഇയാള്‍ കണക്കുകൂട്ടിയിരുന്നത്.

2021 ഫെബ്രുവരി 21ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. തന്റെ കയ്യില്‍ ഒരു ഐപിഎസ് ടാറ്റു ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിറ്റേന്ന് സുഹൃത്ത് ലളിത് മിശ്ര അഭിഷേകിനോട് ടാറ്റു ചെയ്തതിനെ കുറിച്ച് ചോദിച്ചു. എന്താണ് നീ ചെയ്തതെന്ന് ചോദിച്ച ലളിത്, ടാറ്റു ഉള്ളവര്‍ക്ക് യുപിഎസ് സി പാസായാലും ഐപിഎസ് ലഭിക്കില്ലെന്നും പറഞ്ഞു. ഇതോടെ അഭിഷേക് അസ്വസ്ഥനായി. ഐപിഎസ് സെലക്ഷന്‍ നടപടിക്രമത്തിലെ ടാറ്റൂ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് അഭിഷേക് ഗൂഗിളില്‍ തിരഞ്ഞു. ടാറ്റു മൂലമുണ്ടാകുന്ന വെല്ലുവിളികളും നീക്കം ചെയ്യാനുള്ള മാര്‍ഗങ്ങലും ഉള്‍പ്പെടെ ഇയാള്‍ പരതി. ഒടുവില്‍ ഫെബ്രുവരി 25-ന് തന്റെ മുറിയില്‍ അഭിഷേക് തൂങ്ങിമരിച്ചു. എന്നാല്‍ ആത്മഹത്യാക്കുറിപ്പ് ഒന്നും പൊലീസിന് ലഭിച്ചില്ല.

എന്നാല്‍ മരണത്തിന് പിന്നാലെ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് അഭിഷേകിന്റെ കുടുംബാംഗങ്ങള്‍ കൊലക്കേസ് ഫയല്‍ ചെയ്തു. ഇയാളുടെ വീട്ടുടമയെയും ഒപ്പം താമസിക്കുന്നവരെയും പ്രതികളാക്കിയായിരുന്നു കേസ്. എന്നാല്‍, പ്രതികളെ ചോദ്യം ചെയ്തതില്‍ ഗൂഢാലോചനയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയനാക്കിയെങ്കിലും ഒന്നും കണ്ടെത്താനാകാത്തതിനാല്‍ പോലീസ് ക്ലോഷര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More