ചെസ്സ് ഒളിമ്പ്യാഡിനിടെ കടലിനടിയിൽ ചെസ്സ് കളിച്ച് ‘തമ്പി’
ചെന്നൈ: ചെസ്സിന്‍റെ ആവേശം മഹാബലിപുരത്തെ കടൽക്കരയിൽ മാത്രമല്ല, കടലിനടിയിലും ഉണ്ട്. സ്കൂബ ഡൈവിംഗ് കോച്ച് അരവിന്ദ് തരുൺ ശ്രീയും സംഘവും കടലിൽ 60 അടി താഴ്ചയിൽ ചെസ്സ് കളിച്ചു.
സ്കൂബ ഡൈവിംഗ് വസ്ത്രത്തിന് പകരം മുണ്ടും വേഷ്ടിയും ധരിച്ചെത്തിയ അരവിന്ദ് ചെസ്സ് ഒളിമ്പ്യാഡിലെ ഭാഗ്യചിഹ്നമായ തമ്പിയുടെ മുഖംമൂടി ധരിച്ച് കടലിനടിയിലേക്ക് ഊളിയിട്ടു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടങ്ങുന്ന ആറംഗ സംഘമാണ് ശ്വസന ഉപകരണങ്ങളുമായി കൂട്ടിനുണ്ടായിരുന്നത്. മഹാബലിപുരത്തിനടുത്ത് നീലാങ്കര കരമ്പാക്കത്തെ കടലിലാണ് പരിപാടി നടന്നത്.
കടലിനടിയിലെ ഗെയിമിനായി, വെള്ളത്തിൽ പൊങ്ങിക്കിടക്കാത്ത പ്രത്യേക തരം ചെസ്സ്ബോർഡുകളും കയ്യുറകളും ഉണ്ടായിരുന്നു. ആംഗ്യഭാഷയിലൂടെയായിരുന്നു ആശയവിനിമയം. കലാസംവിധായകൻ ശരവണനാണ് തമ്പിയുടെ മുഖംമൂടി നിർമിച്ചത്.