ഡയറ്റില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം
പഞ്ചസാരയുടെ അമിത ഉപയോഗം വണ്ണം കൂട്ടാനും പ്രമേഹത്തിനും ഹൃദ്രോഗങ്ങള്‍ക്ക് വരെ കാരണമാകും. പഞ്ചസാരയുടെ അമിത ഉപഭോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിനെ പ്രതിരോധിക്കാൻ കാരണമാകും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും ഇവ മോശമായി ബാധിക്കാം.
അമിതമായി പഞ്ചസാര കഴിക്കുന്നത് ഊർജ്ജ തകരാറുകൾക്ക് കാരണമാവുകയും ക്ഷീണം ഉണ്ടാക്കുകയും ചെയ്യും. അമിതമായ പഞ്ചസാരയുടെ ഉപയോഗം മാനസികാവസ്ഥയെ ബാധിക്കുകയും ക്ഷോഭം, ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. അമിതമായി പഞ്ചസാര കഴിക്കുന്നത് രക്തസമ്മർദ്ദം വര്‍ധിക്കാനും ഹൃദോഗത്തിനും കാരണമാകും.
ഒന്ന്…
ബേക്കറി സാധനങ്ങള്‍, ജങ്ക് ഫുഡ്, പ്രൊസസിഡ് ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
രണ്ട്…
രാവിലെ കോഫി കുടിക്കുമ്പോഴും രാത്രി പാല്‍ കുടിക്കുമ്പോഴും പഞ്ചസാര ഇടുന്നത് ഒഴിവാക്കുക. പകരം ശര്‍ക്കര ഇടാം. കരിമ്പില്‍ നിന്നുണ്ടാക്കുന്ന ശര്‍ക്കര, വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയുമാണ്. ഇരുമ്പിന്റെ അഭാവം തടയാനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും ശര്‍ക്കര സഹായിക്കും. സംസ്‌കരിച്ച ഉത്പന്നമായ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ശീലമാക്കുന്നത് നല്ലതാണ്.
മൂന്ന്…
പ്രഭാതഭക്ഷണത്തിലും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക. ചിലര്‍ക്ക് പുട്ടും ദോശയുമൊക്കെ കഴിക്കുമ്പോള്‍ ഒപ്പം പഞ്ചസാര നിര്‍ബന്ധമാണ്. ഇത് ഒഴിവാക്കുക.
നാല്…
കേക്കും മറ്റും ഇഷ്ടമുള്ളവരുണ്ട്. ഇത്തരം ഭക്ഷണങ്ങളില്‍ പഞ്ചസാരയുടെ ഉപയോഗം കൂടുതലാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിനാല്‍ ഇവ കഴിക്കുന്നത് ഒഴിവാക്കി സാലഡോ നട്സോ മറ്റോ തിരഞ്ഞെടുക്കാം. ഓട്സും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണമാണ്.
അഞ്ച്…
കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കുക. പകരം നാരങ്ങാവെള്ളം ഉപ്പിട്ട് കുടിക്കാം. അതുപോലെ തന്നെ ഇളനീരും ആരോഗ്യത്തിന് നല്ലതാണ്.
ആറ്…
വൈറ്റ് ബ്രെഡ്, ചോറ് പോലുള്ള കാര്‍ബൈഹൈട്രേറ്റ് അടങ്ങിയ ഭക്ഷണത്തിലും പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇവയുടെ അളവും കുറയ്ക്കുന്നതാണ് അമിതവണ്ണം കുറയ്ക്കാന്‍ നല്ലത്.
ഏഴ്…
തികച്ചും പ്രകൃതിദത്തമായി മധുരമുള്ള ഒന്നാണ് തേന്‍. അതിനാല്‍ പഞ്ചസാരയ്ക്ക് പകരം നമ്മുക്ക് തേന്‍ ഉപയോഗിക്കാം. തേനില്‍ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും 2 ശതമാനം ധാതുക്കള്‍, വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. കൂടാതെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും തേനിൽ അടങ്ങിയിട്ടുണ്ട്.
എട്ട്…
വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് ഈന്തപ്പഴം. പഞ്ചസാരയ്ക്ക് പകരം ഈന്തപ്പഴം ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിന്‍ ബി6, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ്, അയണ്‍ തുടങ്ങിയവ ധാരാളമടങ്ങിയതാണ് ഈന്തപ്പഴം. പ്രമേഹമുള്ളവര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്കും ഹൃദ്രോഗികള്‍ക്കും കഴിക്കാവുന്നതാണ് ഈന്തപ്പഴം. അതിനാല്‍ പഞ്ചസാരയ്ക്ക് പകരം ഇവ ചേര്‍ക്കാം.
ഒമ്പത്…
പഞ്ചസാരയ്‌ക്ക് പകരം ഉപയോഗിക്കാവുന്ന മറ്റൊരു പ്രകൃതിദത്ത മധുരമാണ് ശര്‍ക്കര. ഇരുമ്പ്, കാത്സ്യം, ഫോസ്‌ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം പോലുള്ള ധാതുകളും ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്.
പത്ത്…
നാളികേര പഞ്ചസാര ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോക്കോ ഷുഗര്‍ എന്നറിയപ്പെടുന്ന നാളികേര പഞ്ചസാര തെങ്ങിന്‍ പൂക്കുല മുറിക്കുമ്പോള്‍ കിട്ടുന്ന നീരില്‍ നിന്നാണ് ഉണ്ടാക്കുന്നത്. ഇവയില്‍ സിങ്ക്, കാത്സ്യം, അയേണ്‍ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയും പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാം.