കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ നോക്കുന്നു, ഇവാൻ പുറത്തേക്ക്? ആരാധകരെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ
കേരള ബ്ലാസ്റ്റേഴ്സിൽ (Kerala Blasters) നിന്ന് ഇവാൻ വുകോമനോവിച്ച് (Ivan Vukomanovic) പുറത്തേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ. മഞ്ഞപ്പട രണ്ട് പരിശീലകരുമായി ചർച്ചകൾ നടത്തുന്നുവെന്നും റിപ്പോർട്ട്. മഞ്ഞപ്പട ആരാധകർക്ക് ആശങ്ക.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (Kerala Blasters FC) കണ്ട എക്കാലത്തെയും മികച്ച പരിശീലകനാണ് ഇവാൻ വുകോമനോവിച്ച് (Ivan Vukomanovic). 2021-22 സീസണ് മുന്നോടിയായി ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ഇവാൻ ആദ്യ രണ്ട് സീസണുകളിലും ടീമിനെ ഐ എസ് എല്ലിന്റെ പ്ലേ ഓഫിൽ എത്തിച്ചു. 2023-24 സീസണിലും പ്ലേ ഓഫ് യോഗ്യതയ്ക്ക് തൊട്ടരികിലാണ് മഞ്ഞപ്പട.
2023-24 സീസൺ ഐ എസ് എല്ലിന്റെ ഒരു ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മഞ്ഞപ്പട നിലവിൽ അഞ്ചാം സ്ഥാനത്താണ്. ഈ വർഷം കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും പരാജയപ്പെട്ടതോടെയാണ് മഞ്ഞപ്പട അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോളത്തെ ഫോം ആരാധകർക്ക് സമ്മാനിക്കുന്ന നിരാശ ചെറുതൊന്നുമല്ല. അതിനിടെ അവരെ കൂടുതൽ ആശങ്കയിലാക്കുന്ന ചില റിപ്പോർട്ടുകളും പുറത്ത് വന്നിരിക്കുന്നു. ടീമിന്റെ പരിശീലക സ്ഥാനത്ത് മാറ്റം വന്നേക്കുമെന്ന തരത്തിൽ വരുന്ന റിപ്പോർട്ടാണ് മഞ്ഞപ്പട ആരാധകരെ തലവേദനയിലാക്കിയിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായ ഇവാൻ വുകോമനോവിച്ച് ഈ സീസണ് ശേഷം ക്ലബ്ബ് വിട്ടേക്കുമെന്ന വാർത്തയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ പ്രധാന ചർച്ചാ വിഷയം. യൂറോപ്പിലെ ചില മുൻ നിര ക്ലബ്ബുകളിൽ നിന്ന് ഇവാന് ഓഫറുകളുണ്ടെന്നും 2023-24 സീസണ് ശേഷം അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്നുമാണ് റിപ്പോർട്ട്. കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ രണ്ട് പരിശീലകരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളിലുണ്ട്.