മലയാളികൾക്ക് ആശ്വാസം; ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും കണ്ണൂരിലേക്കും ഹോളി സ്പെഷ്യൽ ട്രെയിനുകൾ, ടിക്കറ്റ് നിരക്കും സമയവും അറിയാം
ബെംഗളൂരുവിലുള്ള വിദ്യാർഥികൾക്കും ഐടി പ്രൊഫഷണലുകൾക്കും ഹോളി അവധിയ്ക്ക് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യാൻ കഴിയുന്ന സർവീസാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. സമയക്രമവും നിരക്കും അറിയാം.
ണ്ണൂർ: ഹോളി അവധിയോടനബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും കണ്ണൂരിലേക്കും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ. ഹോളി അവധിയ്ക്ക് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഏറെ പ്രയോജനമാകുന്ന സർവീസാണിത്. രണ്ട് റൂട്ടിലും ഇരുദിശകളിലേക്കുമായി നാല് സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ടിക്കറ്റ് റിസർവേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ട്രെയിൻ നമ്പർ 06555 എസ്എംവി ബെംഗളൂരു – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ മാർച്ച് 23, 30 തീയതികളിൽ രാത്രി 11:55നാണ് യാത്ര ആരംഭിക്കുക. പിറ്റേന്ന് വൈകീട്ട് 07:40ന് ട്രെയിൻ കൊച്ചുവേളിയിലെത്തിച്ചേരും. വൈറ്റ്ഫീൽഡ് 12:52, ബംഗാറപേട്ട് 01:23, കുപ്പം 01:56, സേലം 05:05, ഈറോഡ് 06:20, തിരുപ്പൂർ 07:08, കോയമ്പത്തൂർ 08:12, പാലക്കാട് 09:25, ഒറ്റപ്പാലം 10:05, തൃശൂർ 12:17, ആലുവ 13:18, എറണാകുളം ടൗൺ 14:00, കോട്ടയം 15:30, തിരുവല്ല 16:09, ചെങ്ങന്നൂർ 16:20, കായംകുളം 16:40, കൊല്ലം 17:32 സ്റ്റേഷനുകൾ പിന്നിട്ടാണ് ട്രെയിൻ കൊച്ചുവേളിയിലെത്തുക
മടക്കയാത്ര 06556 കൊച്ചുവേളി – ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ മാർച്ച് 24, 31 തീയതികളിൽ രാത്രി 10 മണിയ്ക്കാണ് ട്രെയിൻ യാത്ര ആരംഭിക്കുക. പിറ്റേന്ന് വൈകീട്ട് 04:30ന് ബെംഗളൂരുവിലെത്തിച്ചേരും. ഒരു എസി ടു ടയർ കോച്ച്, ആറ് എസി ത്രീ ടയർ കോച്ചുകൾ, എട്ട് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, മൂന്ന് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, രണ്ട് ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയാണ് ഉള്ളത്. സ്ലീപ്പർ ക്ലാസിന് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് 555 രൂപയും, എസി ത്രീ ടയറും 1505 രൂപയും എസി ടു ടയറിന് 2095 രൂപയുമാണ് ടിക്കറ്റ് നിരക്ക്.