കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചു; കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്‍റ് പത്മിനി തോമസ് ബിജെപിയിലേക്ക്
പത്മജ വേണുഗോപാലിന് പിന്നാലെ പത്മിനി തോമസ് ബിജെപിയിലേക്ക്. ഇന്ന് പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് പത്മിനിയുടെ പ്രതികരണം. ഇവർക്ക് പുറമെ കൂടുതൽ നേതാക്കൾ പാർട്ടിയിലേക്കെത്തിയേക്കും
തിരുവനന്തപുരം: കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്‍റും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുമായ പത്മിനി തോമസ് ഇന്ന് ബിജെപിയിൽ ചേരും. കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് പത്മിനി തോമസ് ബിജെപിയിലേക്കെത്തുന്നത് മലയാള മനോരമ റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് നേതാവായിരുന്ന പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനത്തിന് പിന്നാലെയാണ് പത്മിനി തോമസും പാർട്ടി മാറാൻ ഒരുങ്ങുന്നത്.
തിരുവനന്തപുരത്ത് പ്രമുഖ കോൺഗ്രസ് നേതാക്കാൾ ഇന്ന് ബിജെപി അംഗത്വമെടുക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താൻ ബിജെപിയിൽ ചേരുമെന്ന് പത്മിനി തോമസ് തന്നെ സ്ഥിരീകരിച്ചത്. അംഗത്വം സ്വീകരിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്ന് പത്മിനി പറഞ്ഞതായതാണ് റിപ്പോർട്ട്.
കോൺഗ്രസ് നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ കെ കരുണാകരൻ, ഉമ്മൻ ചാണ്ടി എന്നിവരുൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റായിരുന്നു പത്മിനി. കെപിസിസി കായിക വേദിയുടെയും പ്രസിഡന്‍റായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്‍റെ മേയർ സ്ഥാനാർഥി ചർച്ചകളിൽ പോലും ഉയർന്ന് കേട്ട പേരാണ് പത്മിനി തോമസിന്‍റേത്.