കേരളത്തിലെ മൂന്ന് പ്രധാന ദേശീയപാത പദ്ധതികള്‍ പ്രതിസന്ധിയില്‍; ഡിപിആര്‍ റദ്ദാക്കിയേക്കും
ദേശീയപാത അതോറിറ്റി റദ്ദാക്കാന്‍ ഒരുങ്ങുന്ന ഡിപിആർ കരാറുകള്‍ ഏതെല്ലാം? കാരണമെന്ത്?
തിരുവനന്തപുരം: കേരളത്തിലെ മൂന്ന് പ്രധാന ദേശീയപാത പദ്ധതികള്‍ പ്രതിസന്ധിയില്‍. ദേശീയപാതകളുടെ നിര്‍മാണത്തിന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കാന്‍ ഏര്‍പ്പെട്ട കരാറുകള്‍ ദേശീയപാത അതോറിറ്റി റദ്ദാക്കുന്നതായി മാതൃഭൂമി ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. നിര്‍മാണ സാമഗ്രികളുടെ ജിഎസ്ടി, കല്ല്, മണ്ണ് എന്നിവയുടെ റോയല്‍റ്റി എന്നിവ ഒഴിവാക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്‍റെ തീരുമാനം വൈകുന്നതാണ് ഇതിന് കാരണം.
മൂന്ന് പ്രധാന ദേശീയപാത പദ്ധതികളായ തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് (7000 കോടി), കൊല്ലം – ചെങ്കോട്ട (3500 കോടി), എറണാകുളം ബൈപാസ് (1000 കോടിക്ക് മുകളില്‍) എന്നീ മൂന്ന് പദ്ധതികളുടെ കരാറുകളാണ് ദേശീയപാത അതോറിറ്റി റദ്ദാക്കാന്‍ ഒരുങ്ങുന്നത്. നിലവിലെ കരാര്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനമാകുന്നതനുസരിച്ച് പുതിയ കരാര്‍ നല്‍കാന്‍ ദേശീയപാത അതോറിറ്റി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
മൂന്ന് ഏജന്‍സികളെയാണ് ഡിപിആര്‍ തയ്യാറാക്കാന്‍ മൂന്നുവര്‍ഷം മുന്‍പ് ഏല്‍പ്പിച്ചത്. കേരളത്തിന് പുറത്തുള്ളവയാണിത്. കാലാവധി കഴിഞ്ഞിട്ടും ഫീസ് നല്‍കി കൊണ്ടിരിക്കുകയാണ്. സ്ഥലമേറ്റെടുക്കല്‍ പ്രാഥമിക ഘട്ടത്തിലാണ്. അതിനാല്‍, ഏജന്‍സികള്‍ക്ക് ഉടമകളുടെ സ്ഥലത്ത് കയറി പരിശോധിക്കാന്‍ കഴിയില്ല. റിങ് റോഡില്‍ മാത്രമാണ് 11 വില്ലേജുകളിലെ സ്ഥലം ഏറ്റെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.