ആലുവയിൽ ഇന്ന് ഗതാഗത നിയന്ത്രണം; വാഹനങ്ങൾ പോകേണ്ടത് ഈ വഴികളിലൂടെ, റോഡ് സൈഡിൽ പാർക്കിങ് പാടില്ല
ആലുവ മണപ്പുറത്തേക്കുള്ള ഭക്തജന തിരക്ക് കണക്കിലെടുത്ത് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ വഴിതിരിഞ്ഞ് പോകേണ്ടത് എങ്ങനെയെന്നും മറ്റു ക്രമീകരണങ്ങളിം വിശദമായി അറിയാം
കൊച്ചി: ആലുവ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആലുവ നഗരത്തിലും സമീപപ്രദേശങ്ങളിലും ഇന്ന് ഗതാഗത നിയന്ത്രണം. ഇന്ന് വൈകീട്ട് നാല് മണി മുതൽ നാളെ ഉച്ചയ്ക്ക് രണ്ട് വരെയാണ് നിയന്ത്രണങ്ങൾ. ഹൈവേകളിലും, പരിസരപ്രദേശങ്ങളിലും റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. തോട്ടയ്ക്കാട്ടുക്കര ജങ്ഷനില്‍ നിന്നും മണപ്പുറത്തേക്ക് യാതൊരു വാഹന ഗതാഗതവും അനുവദിക്കില്ല.
ആലുവ മണപ്പുറത്തേയ്ക്ക് വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജിസിഡിഎ റോഡു വഴി ആയുർവ്വേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകണം. ആലുവ മണപ്പുറത്ത് കെഎസ്ആർടിസി ബസുകളും, സ്വകാര്യ വാഹനങ്ങളും പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം ഗ്രൗണ്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. മണപ്പുറം ഭാഗത്ത് നിന്നുള്ള കെഎസ്ആർടിസി ബസുകള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ ഓള്‍ഡ് ദേശം റോഡ് വഴി നേരെ പറവൂര്‍ കവലയിലേക്കാണ് എത്തേണ്ടത്.
വരാപ്പുഴ, എടയാര്‍ ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ തേട്ടയ്ക്കാട്ടുക്കര കവലയില്‍ നിന്നും, ഇടത്തോട്ട് തിരിഞ്ഞ് ആളുകളെ ഇറക്കിയതിന് ശേഷം പറവൂര്‍ കവല. യുസി കോളേജ്, കടുങ്ങല്ലൂര്‍ വഴിയാണ് തിരികെ പോകേണ്ടത്. അങ്കമാലി ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകള്‍ പറവൂര്‍ കവലയില്‍ ആളുകളെ ഇറക്കി യു ടേൺ എടുത്ത് മടങ്ങി പോകണം.