കടമെടുപ്പ്: അന്ന് നിരസിച്ച 13,608 കോടിയുടെ ഓഫർ ഇന്നു കേരളം സ്വീകരിച്ചത് എന്തുകൊണ്ട്?
സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുന്ന രീതിയിൽ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് 13,608 കോടി രൂപ കൂടി കടമെടുക്കാൻ സുപ്രീം കോടതി ഇന്ന് കേരളത്തിന് അനുമതി നൽകിയത്. സംസ്ഥാന സർക്കാരിനു വൻ ആശ്വാസമേകുന്ന നടപടിയാണിത്. എന്നാൽ ഇതേ തുക നേരത്തെ തന്നെ കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നതാണ്. പിന്നെ എന്തുകൊണ്ടാണ് ഇപ്പോൾ ഈ ഓഫർ സ്വീകരിച്ചത്? 13,608 കോടിയുടെ കണക്ക് എങ്ങനെ വന്നു? എന്തുകൊണ്ട് കേസുമായി കേരളം മുന്നോട്ടുപോകുന്നു?
കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഹർജി സുപ്രീം കോടതിയിൽ എത്തിയ വേളയിൽ തന്നെ 13,608 കോടി രൂപയുടെ സഹായ വാഗ്ദാനം കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചിരുന്നു. അന്ന് കേന്ദ്രത്തിന്റെ ഈ ഓഫർ സ്വീകരിക്കാതിരുന്ന കേരളം, കേസുമായി മുന്നോട്ടു പോകുമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഹർജിയിൽ ഇന്നു വാദം നടക്കുന്നതിനിടെ 13,608 കോടി രൂപ കടമെടുക്കാൻ അനുവദിക്കാമെന്ന കേന്ദ്രത്തിന്റെ നേരത്തെയുള്ള ഓഫർ സ്വീകരിക്കുകയായിരുന്നു.
കടമെടുപ്പ് പരിധി സംബന്ധിച്ച ഹർജിയിൽ ഇന്ന് കേരളത്തിന്റെ വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി ഒരു മറുചോദ്യം ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് അടിയന്തര സാമ്പത്തിക സാഹചര്യമുണ്ടെന്ന് വാദിക്കുമ്പോൾ തന്നെ കേന്ദ്ര സർക്കാർ വാഗ്ദാനം തുക അംഗീകരിക്കാതിരിക്കുന്നത് എന്തിനാണെന്നു കോടതി ചോദിച്ചു. അതിനാൽ, കേന്ദ്രം വാഗ്ദാനം ചെയ്യുന്ന പണം സ്വീകരിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം കേരളം അംഗീകരിക്കുകയായിരുന്നു.
ഇതിനോടൊപ്പം ഇരുകക്ഷികളും തമ്മിൽ തുറന്ന മനസ്സോടെ കൂടുതൽ ചർച്ചകൾ നടത്താനും ആവശ്യമെങ്കിൽ വ്യവഹാര നടപടികളുമായി മുന്നോട്ടുപോകാനും സുപ്രീം കോടതി കേരളത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ സ്യൂട്ട് ഫയൽ ചെയ്ത കേരളത്തോട് അതു പിൻവലിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടതിനെ സുപ്രീം കോടതി വിമർശിച്ചു. ഭരണഘടനയുടെ അനുഛേദം 131 അനുവദിക്കുന്ന അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളം സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തതിനു പിന്നാലെ ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത 13,608 കോടി രൂപയുടെ കണക്ക് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി വിശദീകരിച്ചിരുന്നു. വിവിധ ഘടകങ്ങൾ ഉൾക്കൊള്ളിച്ചാണ് ഈ തുകയിലേക്ക് കേന്ദ്ര സർക്കാർ എത്തിയതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. 13,608 കോടിയുടെ വിശദമായ കണക്ക് ചുവടെ ചേർക്കുന്നു.