ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ്: ഇന്നുമുതല്‍ ഒരുദിവസം 50 പേര്‍ക്കുമാത്രം അവസരം; പലയിടത്തും പ്രതിഷേധം
ഒരുദിവസം 50 ടെസ്റ്റുകൾ മാത്രം മതിയെന്ന നിർദേശം വന്നതോടെ നേരത്തെ തീയതി ലഭിച്ച് ടെസ്റ്റിനെത്തിയവർ ഇനി എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. പലയിടത്തും പ്രതിഷേധവും അരങ്ങേറി
തിരുവനന്തപുരം: ഒരുദിവസം പരമാവധി 50 ഡ്രൈവിങ് ടെസ്റ്റുകള്‍ മാത്രമായി ചുരുക്കാനുള്ള മന്ത്രിയുടെ നിർദേശത്തിനെതിരെ പ്രതിഷേധം. മന്ത്രി കെബി ഗണേഷ്‌കുമാര്‍ ഓണ്‍ലൈനില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എന്നാൽ നിർദേശം അറിയാതെ നേരത്ത ഡേറ്റ് കിട്ടിയതിനനുസരിച്ച് ടെസ്റ്റിനെത്തിയവർ പലയിടത്തും പ്രതിഷേധിക്കുകയാണ്.
കൂടുതല്‍ അപേക്ഷകര്‍ക്ക് മിക്ക ഓഫീസുകളിലും ടെസ്റ്റിന് ഇന്ന് അവസരം നല്‍കിയിട്ടുണ്ട്. എണ്ണം പരിമിതപ്പെടുത്തുന്നത് വിചിത്രമായ നിർദേശമാണെന്നും ബഹിഷ്‌കരണം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്‌ക്രടേഴ്‌സ് ആന്‍റ് വര്‍ക്കേഴ്‌സ് അസോസിയേഷൻ തീരുമാനം.
സംസ്ഥാനത്ത് 86 ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളാണ് നിലവിലുള്ളത്. 180 ഡ്രൈവിങ് ടെസ്റ്റുകള്‍വരെ നടത്തുന്ന ഓഫീസുകൾ ഇതിലുണ്ടെന്നാണ് റിപ്പോർട്ട്. ആറുമാസത്തോളമായി ടെസ്റ്റിന് കാത്തിരിക്കുന്നവർ വരെ നിലവിലുണ്ട്. നിലവില്‍ തീയതി കിട്ടിയ എല്ലാവര്‍ക്കും ടെസ്റ്റ് നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്.
ഒരുദിവസം 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി കെബി ഗണേഷ് കുമാര്‍ നിർദേശം നൽകിയത്. 100 മുതൽ 180വരെ ടെസ്റ്റ് നടത്തുന്ന സ്ഥലങ്ങളിൽ ആരെയാണ് ഒഴിവാക്കേണ്ടതെന്നും എന്ത് മാനദണ്ഡമാണ് സ്വീകരിക്കേണ്ടതെന്നതിലും വ്യക്തതയില്ലെന്നാണ് ഡ്രൈവിങ് സ്‌കൂളുകൾ പറയുന്നത്.