മൂവാറ്റുപുഴയിൽ നിന്ന് ആലുവയിലേക്ക് ഇനി വേഗത്തിലെത്താം; മണ്ണൂർ – പോഞ്ഞാശ്ശേരി റോഡ് നാളെ തുറക്കും
ജനങ്ങളുടെ ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് റോഡ് തുറന്നു നൽകുക. ആദ്യ കരാറുകാരനെ പുറത്താക്കിയശേഷമാണ് നിർമാണം പുനഃരാരംഭിച്ചത്. ബിഎംബിസി നിലവാരത്തിലാണ് നിർമാണം
ആലുവ: മൂവാറ്റുപുഴ ഭാഗത്ത് നിന്ന് ആലുവ, കളമശ്ശേരി ഭാഗങ്ങളിലേക്കുള്ള യാത്രാ വേഗം കൂട്ടുന്ന മണ്ണൂർ – പോഞ്ഞാശ്ശേരി റോഡ് നാളെ തുറക്കും. അവസാനമായി 20 വർഷം മുമ്പ് ടാർ ചെയ്ത റോഡിലാണ് നവീകരണ പ്രവൃത്തി നടന്നിരിക്കുന്നത്. ഒമ്പത് കിലോമീറ്റര്‍ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലേക്കാണ് ഉയർത്തിയിരിക്കുന്നത്.
2016ൽ ഭരണാനുമതി ലഭിച്ചെങ്കിലും പലകാരണങ്ങൾ കൊണ്ട് റോഡ് നിർമാണം വൈകുകയായിരുന്നു. 23.75 കോടിയുടെ ഭരണാനുമതി ലഭിച്ച റോഡിൽ 2018ലാണ് പുനർനിർമാണം ആരംഭിച്ചത്. കിഫ്ബി മാനദണ്ഡം പാലിക്കാത്തതിനാൽ രണ്ടര കിലോമീറ്റർ ദൂരം (വരിക്കാട് ഷാപ്പ് മുതൽ വെങ്ങോല വരെ) പ്രവൃത്തിയിൽ നിന്ന് ഒഴിവാക്കിയാണ് പണി പൂർത്തീകരിച്ചത്.
റോഡിൽ ക്രാഷ് ബാരിയർ, റോഡ് മാർക്കിങ്, സേഫ്റ്റി ഇനങ്ങളുടെ പ്രവൃത്തികളാണ് നിലവിൽ നടക്കുന്നത്. പ്രധാനപ്പെട്ട ചില ജങ്ഷനുകളിൽ ഇനിയും നിർമാണം പൂർത്തീകരിക്കാനുണ്ട്. ആദ്യ കരാറുകാരനെ നഷ്ടോത്തരവാദിത്വത്തിൽ ടെർമിനേറ്റ് ചെയ്താണ് വർക്ക് പുനരാരംഭിച്ചത്. കഴിഞ്ഞ മാർച്ചിൽ രാജേഷ് മാത്യു ആൻഡ് കമ്പനി ഏറ്റെടുത്തതിനെത്തുടർന്ന് ടാറിങ് പ്രവൃത്തി അതിവേഗം പൂർത്തീകരിക്കുകയായിരുന്നു.
മേഖലയിലെ ജനങ്ങളുടെ ദീർഘ നാളത്തെ കാത്തിരിപ്പിനാണ് ഫലം കണ്ടിരിക്കുന്നത്. ഏറെ നാളായി ഉയർത്തിയിരുന്ന പരാതിയായിരുന്നു മണ്ണൂർ – പോഞ്ഞാശ്ശേരി റോഡ് തുറന്നു നൽകണമെന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് റോഡ് ഉദ്ഘാടനം ചെയ്യുക. എൽദോസ് കുന്നപ്പിള്ളി, പിവി ശ്രീനിജിൻ എംഎൽഎ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.