ലോക്സഭ തെരഞ്ഞെടുപ്പ്: ഡൽഹിയിൽ 4:3 ഫോർമുല; എഎപി – കോൺഗ്രസ് സീറ്റ് ധാരണയായി
എഎപി - കോൺഗ്രസ് സീറ്റ് വിഭജനത്തിൽ ധാരണ. ഡൽഹിയിൽ നാലിടത്ത് എഎപിയും മൂന്നിടത്ത് കോൺഗ്രസും മത്സരിക്കുമെന്ന് എഎപി, കോൺഗ്രസ് നേതൃത്വം സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗുജറാത്ത്, ഹരിയാന, ഗോവ, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ സീറ്റ് വിഭജനത്തിലും എഎപി - കോൺഗ്രസ് പാർട്ടികൾ തമ്മിൽ ധാരണയിലെത്തി.
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ആം ആദ്മി പാർട്ടി (എഎപി) – കോൺഗ്രസ് സീറ്റ് വിഭജനത്തിൽ ധാരണയായി. ഡൽഹിയിൽ ആകെയുള്ള ഏഴ് സീറ്റുകളിൽ നാലിടത്ത് എഎപിയും മൂന്നിടത്ത് കോൺഗ്രസും മത്സരിക്കും. ഗുജറാത്ത്, ഹരിയാന, ഗോവ, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ സീറ്റ് വിഭജനത്തിലും ഇരുപാർട്ടികൾ തമ്മിൽ ധാരണയിലെത്തി.
വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് എഎപി മത്സരിക്കുക. നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, ചാന്ദ്നി ചൗക്ക് എന്നിവിടങ്ങളിൽ കോൺഗ്രസ് മത്സരിക്കും. എഎപി – കോൺഗ്രസ് നേതൃത്വം സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.