വീണ്ടും നവാസ് ഷരീഫ് അധികാരത്തിലെത്തുമോ? പാകിസ്ഥാനിൽ ഇന്ന് തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പൂർത്തിയായാലുടൻ കൗണ്ടിങ്
സ്വതന്ത്ര സ്ഥാനാർഥിയായ അസ്ഫൻഡ്യാർ കാക്കറിന്‍റെ ഓഫീസിന് സമീപമാണ് ആദ്യം സ്‌ഫോടനമുണ്ടായത്. ഇതിൽ 14 പേരാണ് കൊല്ലപ്പട്ടത്. പിന്നാലെ ഖില സൈഫുല്ലയിൽ ജെയുഐ - എഫ് സ്ഥാനാർഥിയുടെ ഓഫീസിലും സ്‌ഫോടനമുണ്ടായി. 12 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. ഇരട്ട സ്ഫോടനങ്ങളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് രാജ്യം പോളിങ് ബൂ്തിലേക്ക് പോകുന്നത്. ഇന്നലെ നടന്ന് സ്ഫോടനങ്ങളിൽ 26 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പാകിസ്ഥാൻ ദേശീയ അസംബ്ലിയിലെ 336 സീറ്റുകളിൽ 266ലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ശേഷിക്കുന്ന വനിതാ, സംവരണ സീറ്റുകൾ ജയിക്കുന്ന പാർട്ടികൾക്ക് വോട്ട് വിഹിതത്തിന്‍റെ അടിസ്ഥാനത്തിൽ ആനുപാതികമായി പിന്നീട് വീതിച്ചു നൽകും.
രാവിലെ 8 മുൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് പൂർത്തിയായാലുടൻ വോട്ടെണ്ണൽ ആരംഭിക്കും. രാത്രിയോടെ ഫലങ്ങൾ അറിഞ്ഞുതുടങ്ങുമെങ്കിലും നാളെ രാവിലെ മാത്രമേ ചിത്രം വ്യക്തമാകൂ. സൈന്യത്തിന്‍റെ പിന്തുണയുണ്ടെന്നു കരുതപ്പെടുന്ന പാകിസ്താൻ മുസ്‌ലിം ലീഗ്-നവാസ് (പിഎംഎൽ – എൻ) ജയിക്കുമെന്നാണ് വിലയിരുത്തൽ. പ്രവചനങ്ങൾ ഫലിച്ചാൽ നവാസ് ഷരീഫ് നാലാം തവണയും പാക് പ്രധാനമന്ത്രിയാകും.