വണ്ടികൾ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ട; എറണാകുളത്ത് നിന്ന് മൂകാംബികാ ക്ഷേത്ര സന്നിധിയിലേക്ക് സ്വിഫ്റ്റ് സൂപ്പർ ഡീലക്സ്
എറണാകുളത്തുനിന്നും 03:25 പിഎമ്മിന് പുറപ്പെടുന്ന ബസ് പിറ്റേന്ന് പുലർച്ചെ 04:30നാണ് മൂകാംബികയിലെത്തുക. മൂകാംബിക സർവീസിന്‍റെയും മടക്കയാത്രയുടെയും വിശദാംശങ്ങൾ അറിയാം
കൊച്ചി: കേരളത്തിൽ നിന്ന് കൂടുതൽ തീർഥാടകരെത്തുന്ന കർണാടകയിലെ ക്ഷേത്രങ്ങളിലൊന്നാണ് മൂകാംബിക. ട്രെയിനിലും മറ്റുമായി നിരവധിയാളുകളാണ് മൂകാംബിക ക്ഷേത്രദർശനത്തിനായി ദിവസേന ഇവിടെയെത്തുന്നത്. വിശേഷദിവസങ്ങളിലും മറ്റും മലയാളികളുടെ നീണ്ടനിര തന്നെ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ദൃശ്യമാകാറുണ്ട്.
വേഗത്തിൽ ക്ഷേത്രത്തിലേക്കെത്താൻ ട്രെയിനിനെ ആശ്രയിക്കുന്നവർക്ക് റെയിൽവേ സ്റ്റേഷനിൽനിന്ന് ക്ഷേത്രത്തിലേക്കുള്ള യാത്രാദൂരമാണ് എന്നും പ്രശ്നമാകാറുള്ളത്. ബൈന്തൂരിലെ കൊല്ലൂർ റോഡ് റെയിൽവേ സ്റ്റേഷനിലാണ് ക്ഷേത്രത്തിലേക്ക് പോകാനായി ഇറങ്ങേണ്ടത്. ഇതാകട്ടെ ക്ഷേത്രത്തിൽനിന്ന് 30 കിലോമീറ്റർ അകലെയാണ്. എല്ലാ ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പില്ലെന്നത് മറ്റൊരു കാര്യം. റെയിൽവേ സ്റ്റേഷനിൽ നിന്ന് ടാക്സിയോ പ്രൈവറ്റ് ബസിലോ വേണം ക്ഷേത്തിലെത്താൻ. മംഗളൂരു സിറ്റിയിൽനിന്നും കൊല്ലൂരിലേക്ക് ബസ് സർവീസുണ്ട്.
കേരളത്തിലെ വിവിധ ഡിപ്പോകളിൽനിന്ന് കൊല്ലൂർ ക്ഷേത്ര സന്നിധിയിലേക്ക് കെഎസ്ആർടിസി നേരിട്ട് നടത്തുന്ന സർവീസാണ് മലയാളികൾക്ക് ക്ഷേത്രത്തിലേക്കെത്താൻ ഒരുപരിധിവരെ സഹായകരമാകുന്നത്. ഇപ്പോഴിതാ എറണാകുളത്ത് നിന്നും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് സർവീസ് ആരംഭിച്ചിരിക്കുകയാണ് കെഎസ്ആർടിസി.
എറണാകുളം യൂണിറ്റിൽ നിന്നും ഉച്ചകഴിഞ്ഞ് 03:25ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 04:30ന് കൊല്ലൂരിൽ എത്തിച്ചേരുന്ന വിധത്തിലാണ് ബസ് സർവീസ്. എറണാകുളം, കൊടുങ്ങല്ലൂർ, ഗുരുവായൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗലാപുരം, ഉടുപ്പി, വഴിയാണ് കൊല്ലൂർ സർവീസ്. മടക്കയാത്ര കൊല്ലൂരിൽ നിന്ന് വൈകീട്ട് 05:30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06.00 മണിയ്ക്ക് എറണാകുളം സൗത്ത് യൂണിറ്റിൽ എത്തിച്ചേരും.