ഉണ്ണി മുകുന്ദൻ ഇല്ലെങ്കിൽ പിസി ജോർജ്? നാലാം തവണയും ആൻ്റോ ആൻ്റണി, എൽഡിഎഫിനായി തോമസ് ഐസക്ക്; പത്തനംതിട്ടയിലെ സാധ്യത ഇങ്ങനെ
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥി ചർച്ചകൾ സജീവമാക്കി മുന്നണികൾ. യുഡിഎഫ് ജില്ലാ പഠന ക്യാംപ് നടത്തി തയ്യാറെടുപ്പുകൾ സജീവമാക്കിയപ്പോൾ സിപിഎമ്മിൻ്റെ ബൂത്തുതലം മുതൽ യോഗങ്ങൾ പുരോഗമിക്കുകയാണ്. ബിജെപി വിജയിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ്. യുഡിഎഫിനായി സിറ്റിങ് എംപി ആൻ്റോ ആൻ്റണി തന്നെ മത്സരിച്ചേക്കുമെന്ന് സൂചന.
പത്തനംതിട്ട: ലോക്സഭ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന മുന്നണികളും സ്ഥാനാർഥി മോഹികളും മണ്ഡലത്തിൽ സജീവമായി. യുഡിഎഫ് ചരൽകുന്ന് ക്യാംപ് സെന്ററിൽ ജില്ലാ പഠന ക്യാംപ് നടത്തി തയ്യാറെടുപ്പുകൾ കൂടുതൽ സജീവമാക്കി. സിപിഎം ബൂത്തുതലം മുതൽ യോഗങ്ങൾ നടത്തുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡൻ്റ് തന്നെ മത്സരിച്ച മണ്ഡലത്തിൽ ഇത്തവണ വിജയം തന്നെ മുന്നിൽ കണ്ടാണ് ബിജെപി ഒരുക്കങ്ങൾ നടത്തുന്നത്.
യുഡിഎഫിൽ കോൺഗ്രസും എൽഡിഎഫിൽ സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ ബിജെപിക്കും നിർണായകമായ സ്വാധീനമുണ്ട്. യുഡിഎഫിൽ സിറ്റിങ് എംപി ആന്റോ ആന്റണി തന്നെ നാലാം അങ്കത്തിന് ഇറങ്ങുമെന്നാണ് ചരൽകുന്നു ക്യാംപിൽനിന്നു മനസിലാകുന്നത്. ഇതുവരെയും കാര്യമായി മറ്റാരുടെയും പേരുകൾ മുന്നിലേക്ക് വന്നിട്ടുമില്ല. കഴിഞ്ഞ തവണയും മറ്റും ഇണങ്ങിയും പിണങ്ങിയും നിന്ന രണ്ടാംനിര നേതാക്കളിൽ മിക്കവരും കളംവിടുകയും ചെയ്തു.
എൽഡിഎഫിൽ മുൻ എംഎൽഎ രാജു എബ്രഹാമിന്റെയും മുൻ മന്ത്രി തോമസ് ഐസക്കിന്റെയും പേരുകൾ തുടക്കത്തിൽ കേട്ടിരുന്നു. എന്നാൽ തോമസ് ഐസക്കിനാണ് സാധ്യതയെന്നറിയുന്നു. എൻഡിഎ സ്‌ഥാനാർഥിയായി ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്റെയും പിസി ജോർജിന്റെയും പേരുകളാണ് ഉയർന്നുവരുന്നത്. എന്നാൽ ഉണ്ണി മുകുന്ദൻ സെക്രട്ടറി വഴി ഇക്കാര്യം നിഷേധിച്ചിട്ടുമുണ്ട്.
2009ൽ രൂപീകൃതമായ മണ്ഡലത്തിൽ പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളും ഉൾപ്പെടുന്നു. ലോക്‌സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. ജില്ലാ പഞ്ചായത്ത് ഭരണവും 2020ൽ കൈപ്പിടിയിലൊതുക്കി. പിന്നീട് നടന്ന പല തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് നേട്ടമുണ്ടാക്കി. ഇതിനെ മറികടക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്.