Kerala To Ayodhya Train: കേരള – അയോധ്യ സ്പെഷ്യൽ ട്രെയിൻ ഇന്ന് പുറപ്പെടില്ല, ആദ്യ സർവീസ് മാറ്റിവെച്ചു; പുതിയ തീയതി അറിയാം
കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള സെപ്ഷ്യൽ ട്രെയിൻ സർവീസ് ഇന്ന് ആരംഭിക്കില്ല. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് ഇന്ന് ആരംഭിക്കേണ്ട സർവീസ് മാറ്റിവെച്ചു. ഫെബ്രുവരി ആറിനാകും ആദ്യ സെപ്ഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുക. ട്രെയിൻ മാറ്റിവെച്ചതു സംബന്ധിച്ച കാരണം അവ്യക്തമാണ്. ചെന്നൈയിൽ നിന്നാണ് നിർദേശം ലഭിച്ചതെന്ന് പാലക്കാട് ഡിവിഷൻ പിആർഒ.
പാലക്കാട്: കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള ആസ്ത സെപ്ഷ്യൽ ട്രെയിൻ സർവീസ് ഇന്ന് ആരംഭിക്കില്ലെന്ന് റെയിൽവേ. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് ഇന്ന് വൈകിട്ട് 7:10ന് ട്രെയിൻ പുറപ്പെടുമെന്നായിരുന്നു റെയിൽവേ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇന്നത്തെ സർവീസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി പാലക്കാട് ഡിവിഷൻ പിആർഒ അറിയിച്ചു. ഫെബ്രുവരി ആറിനാകും കേരളത്തിൽ നിന്നുള്ള ആദ്യ സെപ്ഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുകയെന്നാണ് വിവരം.
അയോധ്യയിൽ ശ്രീരാമക്ഷേത്രം തുറന്നതോടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കേരളത്തിൽ നിന്നും സെപ്ഷ്യൽ ട്രെയിൻ റെയിൽവേ പ്രഖ്യാപിച്ചത്. ജനുവരി 30ന് വൈകിട്ട് 7:10ന് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് ആദ്യ സർവീസ് പുറപ്പെട്ട് ഫെബ്രുവരി ഒന്നിന് അയോധ്യയിൽ എത്തുന്ന രീതിയിലായിരുന്നു സമയം ക്രമീകരിച്ചിരുന്നത്.
ഫെബ്രുവരി രണ്ട്, ഒൻപത്, 19, 24, 29 എന്നീ ദിവസങ്ങളിലും അയോധ്യയിലേക്കും ഫെബ്രുവരി മൂന്ന്, 24, 28 തീയതികളിൽ തിരിച്ചും സർവീസ് ഉണ്ടായിരിക്കുമെന്നും റെയിൽവേ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് ആരംഭിക്കേണ്ട സർവീസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായാണ് പുതിയ അറിയിപ്പ്. ഫെബ്രുവരി ആറിനാകും കേരളത്തിൽനിന്ന് ആദ്യ ട്രെയിൻ അയോധ്യയിലേക്ക് പുറപ്പെടുകയെന്നാണ് നിലവിലെ വിവരം. ഇതുസംബന്ധിച്ച സ്ഥിരീകരണം റെയിൽവേ നൽകിയിട്ടില്ല.