Palakkad Bar Gun shot: പാലക്കാട് ബാറിൽ വെടിവെപ്പ്; മാനേജർക്ക് ഗുരുതര പരിക്ക്, അഞ്ചുപേർ പോലീസ് കസ്റ്റഡിയിൽ
പാലക്കാട് കാവശേരിയിൽ ബാറിലുണ്ടായ വെടിവെപ്പിൽ ബാർ മാനേജർക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രിയിലാണ് സംഭവം. ആറു മാസം മുൻപ് പ്രവർത്തനം ആരംഭിച്ച ബാറിലാണ് വെടിവെപ്പ് ഉണ്ടായത്. അക്രമിസംഘം മാനേജറോട് കയർത്തു സംസാരിച്ചതിനു പിന്നാലെയാണ് വെടിയുതിർത്തത്. സംഭവത്തിൽ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട്: പാലക്കാട്ടെ കാവശേരിയിൽ ബാറിൽ വെടിവെപ്പ്. സംഭവത്തിൽ ബാർ മാനേജർക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് അക്രമം ഉണ്ടായത്. കഴിഞ്ഞ ആറു മാസങ്ങൾക്കു മുൻപാണ് കാവശേരിയിൽ ബാർ പ്രവർത്തനം ആരംഭിച്ചത്. ബാറിൽ എത്തിയ അക്രമിസംഘം മാനേജറുമായി തർക്കം ഉണ്ടാകുകയും പിന്നീട് വെടിയുതിർക്കുകയുമായിരുന്നു.
ബാറിലെ കസ്റ്റമർമാരോടുള്ള പെരുമാറ്റം മോശമാണെന്നും സർവീസിൽ തൃപ്തിയില്ലെന്നും പറഞ്ഞ് അക്രമിസംഘം മാനേജറോട് കയർത്തിരുന്നു. ഇത് വാക്കുതർക്കത്തിലും പിന്നീട് വെടിവെപ്പിലും കലാശിക്കുകയായിരുന്നു. മാനേജർ ചുമതല വഹിക്കുന്ന രഘുനന്ദനാണ് ഗുരുതരമായി പരിക്കേറ്റത്.
രഘുനന്ദൻ കണ്ണിയംപുറം വള്ളുവനാട് ആശുപത്രിയിൽ ചികിത്സയിലാണ്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ രഘുനന്ദൻ ഐസിയുവിൽ ചികിത്സ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. എയർ പിസ്റ്റൽ ഉപയോഗിച്ചാണ് അക്രമികൾ വെടിയുതിർത്തത്. ബാറിലെ മറ്റു ജീവനക്കാർ ഉടൻ പോലീസിനെ വിവരം അറിയിക്കുകയും സംഭവസ്ഥലത്തുണ്ടായിരുന്ന അഞ്ചുപേരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സംഭവം ആസൂത്രിതമാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ വിശദമായി ചോദ്യംചെയ്യുകയാണെന്നും പോലീസ് അറിയിച്ചു.