‘ഇത്തവണ നേരത്തേയെത്തും’; പുതിയ പാഠപുസ്തകങ്ങൾ എപ്പോൾ ലഭിക്കും? അച്ചടി വിലയിരുത്തി മന്ത്രി
ഇത്തവണ അച്ചടിക്കുന്നത് 3.5 കോടിയിലധികം പുസ്തകങ്ങൾ. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിൽ ഇത്തവണ പുതിയ പാഠപുസ്തകങ്ങളാണ് വിദ്യാർഥികൾക്ക് ലഭിക്കുക. ഇവ രണ്ടാഴ്ച മുൻപേ വിദ്യാർഥികൾക്ക് ലഭിക്കും
കൊച്ചി: പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത്തവണ 2, 4, 6, 8, 10 ക്ലാസുകളിൽ പഴയ പാഠപുസ്തകങ്ങളാണ്. 1, 3, 5, 7, 9 ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങളുമാണ് അച്ചടിക്കേണ്ടത്. ആകെ 3.5 കോടിയിലധികം പുസ്തകങ്ങളാണ് അച്ചടിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മന്ത്രി വി ശിവൻകുട്ടി എറണാകുളം കാക്കനാട് കേരള ബുക്ക്സ് ആന്‍റ് പബ്ലിഷിങ് സൊസൈറ്റി (കെബിപിഎസ്) സന്ദർശിച്ചിരുന്നു. പാഠപുസ്തകങ്ങളുടെ അച്ചടി അദ്ദേഹം നേരിട്ട് വിലയിരുത്തി. പുതിയ പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുൻപും പഴയ പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിന് ഒരു മാസം മുൻപും വിതരണം ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കാൻ ചർച്ചയിൽ തീരുമാനമായി.