“കെഎസ്ആർടിസിയിൽ പോസ്റ്റുകൾ ഇല്ലാതാക്കും; സിവിൽ വിങ് ഇനി വേണ്ട”: മന്ത്രി ഗണേഷ് കുമാർ
കെഎസ്ആർടിസിയിലെ ചെലവുകൾ ചുരുക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. സിവില്‍ വിങ് വിഭാഗം ഇനി ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊച്ചി: കെഎസ്ആർടിസി നിന്നുപോയാൽ ജീവനക്കാർ പട്ടിണി സമരം നടത്തുന്നത് നോക്കി ജനങ്ങൾ സ്വകാര്യ ബസ്സുകളിലിരുന്ന് ചിരിക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാർ. “സ്ഥാപനം പ്രവർത്തനം നിലച്ചാൽ ജീവനക്കാരെല്ലാവരും പട്ടിണി സമരം നടത്തും. രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരുമെല്ലാം വന്ന് സംസാരിക്കും, ഐക്യദാർഢ്യം പ്രഖ്യാപിക്കും. ഒരു മാസമൊക്കെ എത്തുന്നതോടെ അവരെല്ലാം പിൻവാങ്ങും. പിന്നീട് നിങ്ങൾ മാത്രമാകും. ഇതിനിടയിൽ സ്വകാര്യ ബസ്സുകൾ രംഗത്തിറങ്ങും. അതിൽ യാത്ര ചെയ്യുന്നവർ നിങ്ങളെ നോക്കി ചിരിക്കും. കുറച്ചു കഴിഞ്ഞാൽ നിങ്ങളെ നോക്കുന്നതും യാത്രക്കാർ നിർത്തും. ഇതാണ് ലോകം,” അദ്ദേഹം പറഞ്ഞു.
ചെലവ് കുറയ്ക്കുന്ന ഡിപ്പോകൾക്ക് സമ്മാനം ഏർപ്പാടാക്കുമെന്ന് മന്ത്രി പറഞ്ഞു. ചെലവ് ഏറ്റവും കുറയ്ക്കുന്ന ഡിപ്പോകൾക്ക് മന്ത്രിക്കൊപ്പം ഡിന്നർ കഴിക്കാൻ അവസരം ലഭിക്കും. കാഷ് പ്രൈസ് അടക്കമുള്ള സമ്മാനങ്ങളും ലഭിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. വൈദ്യുതി, വെള്ളം തുടങ്ങിയവയെല്ലാം ലാഭിക്കണം.