E P Jayarajan On Veena Vijayan: വീണാ വിജയൻ കഴിവും പ്രാപ്തിയുമുള്ള സ്വയം സംരംഭക, ആരോപണങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നത്: ഇപി ജയരാജൻ

മുഖ്യമന്ത്രി മകൾ വീണാ വിജയനെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വീണാ വിജയനെതിരായ ആരോപണങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും കഴിവും പ്രാപ്തിയുമുള്ള സ്വയം സംരംഭകയാണ് അവരെന്നും ഇപി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമങ്ങൾ തെറ്റായ പ്രചരണങ്ങളാണ് നടത്തുന്നതെന്നും ഇപി ജയരാജൻ ആരോപിച്ചു.

കണ്ണൂർ: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ ആരോപണങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഒരു പാവം പെൺകുട്ടിയുടെ ജീവിതം ഹോമിക്കാൻ ചിലർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. കഴിവും പ്രാപ്തിയുമുള്ള സ്വയം സംരംഭകയാണവരെന്നും ഇപി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പോയതിനെക്കുറിച്ചു നിലവാരം കുറഞ്ഞ പ്രസ്താവനയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത്. രണ്ടു കമ്പനികളിലായി 4,000 കോടിയുടെ മൂന്ന് പദ്ധതികളാണ് കൊച്ചി കപ്പൽ നിർമാണ ശാലയിൽ വന്നത്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പോയില്ലെങ്കിൽ അതിനും കുറ്റം പറയും. ഭരിക്കുന്നവരുടെ ചുമതലയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കൽ. കൊച്ചി കപ്പൽ നിർമാണശാല ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായ കാലത്ത് ഇടതുപക്ഷം സമരം ചെയ്തു നേടിയെടുത്തതാണ്- ഇപി ജയരാജൻ പറഞ്ഞു.
രജിസ്ട്രാർ ഓഫ് കമ്പനീസിന് മുഖ്യമന്ത്രിയെക്കുറിച്ചു പറയാൻ അവകാശമില്ല. അവർ കമ്പനിയുടെ ആദായ നികുതികൾ മാത്രം നോക്കേണ്ട കമ്പനിയാണ്, രാഷ്ട്രീയം പറയാനുള്ള അവകാശം അവർക്കില്ല. മാധ്യമങ്ങൾ തെറ്റായ പ്രചരണങ്ങളാണ് നടത്തുന്നത്. ഒരു പെൺകുട്ടിയെ കേരളത്തിൽ ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ആർഒസി റിപ്പോർട്ടിൽ വസ്തുതയുണ്ടോ? ആരാണ് ആ റിപ്പോർട്ട് കണ്ടിട്ടുള്ളതെന്നും ഇപി ജയരാജൻ ചോദിച്ചു.
logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More