പ്രധാനമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ച കത്തിലെ കയ്യക്ഷരം കുടുംബത്തോട് ശത്രുതയുള്ള വ്യക്തിയുടേത്

എറണാകുളം: പ്രധാനമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ച കത്തിലെ കയ്യക്ഷരം കുടുംബത്തോട് ശത്രുതയുള്ള വ്യക്തിയുടേതെന്ന് കത്തില്‍ പേരുള്ള ജോസഫ് ജോണ്‍ നടുമുറ്റത്തിന്റെ മകള്‍. കത്ത് വന്നതു മുതല്‍ ഭീതിയിലുള്ള ജോസഫും കുടുംബാംഗങ്ങളും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വരാന്‍ തയ്യാറയില്ലെങ്കിലും കാര്യങ്ങള്‍ വിശദീകരിച്ചു. അതേസമയം, രണ്ട് ദിവസമായി പൊലീസ് വന്ന് കാര്യങ്ങള്‍ തിരക്കുന്നുണ്ടെന്നും കത്തിലെ കയ്യക്ഷരം അറിയാമെന്നും ജോസഫിന്റെ മകള്‍ പറയുന്നു.

‘അത് തന്റെ അച്ഛന്‍ എഴുതിയ കത്തല്ല, എഴുതിയ ആളുടെ പേര് വെളിപ്പെടുത്തുന്നില്ല, അത് പൊലീസ് തന്നെ പറയട്ടെ. അങ്ങനെ എഴുതേണ്ട കാര്യമില്ല, അങ്ങനെ പ്രധാനമന്ത്രിയെ കൊല്ലുമെന്ന് പറഞ്ഞിട്ട് എന്ത് കിട്ടാനാണ്. അദ്ദേഹം ഒരു സീനിയര്‍ സിറ്റിസണ്‍ ആണ്. നമുക്ക് മനസാ വാചാ അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആരോ കത്തില്‍ എഴുതുമ്പോള്‍ അത് എല്ലാവരും വിശ്വസിക്കുകയാണ്’, മകള്‍ ചൂണ്ടിക്കാട്ടി.

‘ശത്രുതയുള്ളവര്‍ ഇഷ്ടംപോലെയുണ്ട്. തീര്‍ച്ചയായും ഇത് കണ്ടുപിടിക്കണം. ഒരു നിരപരാധിയെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ല. കയ്യക്ഷരം വച്ച് ആരാണ് എഴുതിയതെന്ന് തനിക്കറിയാം. പേര് പറയാന്‍ താല്‍പര്യമല്ല. അത് പൊലീസ് തന്നെ പറയണം. ബന്ധുവല്ല, അടുത്ത പ്രദേശത്തുള്ള ആളാണ്. ഇയാള്‍ക്ക് ശത്രുതയുള്ളയാളുകള്‍ക്ക് കത്തെഴുതുക തുടങ്ങിയവയാണ് ഇവരുടെ രീതി. ഇനി മാനസിക പ്രശ്‌നമാണോ എന്ന് അറിയില്ല’.

‘കഴിഞ്ഞ ആഴ്ച അച്ഛനുമായി പ്രശ്‌നമുണ്ടായിരുന്നു. അന്ന് തനിക്ക് കാണിച്ചു തരാമെന്ന് അയാള്‍ പറഞ്ഞിരുന്നു. അതിന്റെ ബാക്കിയായിട്ടായിരിക്കും ഈ കത്തെഴുതി അങ്ങോട്ട് അയച്ചത്. പൊലീസിനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. ചെയ്യാത്ത കാര്യത്തിലുള്ള ആരോപണത്തിലുള്ള സങ്കടത്തിലാണ് അദ്ദേഹം. ചെയ്യാത്ത കാര്യമായതുകൊണ്ട് ഞങ്ങള്‍ക്ക് പേടിയില്ല. എന്തായാലും കുടുംബം ഇതിനെ നിയമപരമായി തന്നെ നേരിടും’, അവര്‍ പറഞ്ഞു.

 

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More