വന്ദേഭാരത് പരീക്ഷണ ഓട്ടത്തിൽ അനർഹർ കയറിപ്പറ്റുന്നു, യുവതിയും കൈക്കുഞ്ഞും യാത്ര ചെയ്തതായി പരാതി: വിവാദം

കാസർഗോഡ്: വന്ദേഭാരത് പരീക്ഷണ ഓട്ടത്തിൽ അനർഹർ കയറിപ്പറ്റുന്നതായി പരാതി. തീവണ്ടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാത്രമേ അതിൽ യാത്രചെയ്യാൻ പാടുള്ളൂവെന്നിരിക്കെ യുവതിയും കൈക്കുഞ്ഞുമുൾപ്പെടെ പലരും യാത്രചെയ്തതാണ്‌ വിവാദമായിരിക്കുന്നത്‌. ഉദ്യോഗസ്ഥരുടെ ബന്ധുക്കളാണ് അനധികൃതമായി പരീക്ഷണയാത്രയിൽ തീവണ്ടിയിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

എറണാകുളത്തുനിന്ന്‌ കയറിയ അവരിൽ ചിലർ സി 12 കോച്ചിലാണ് യാത്രചെയ്തത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാനുള്ള ആർ.പി.എഫ്. ഉദ്യോഗസ്ഥരുടെ നിർദേശം ലംഘിച്ചും അവർ യാത്ര തുടരുകയായിരുന്നു. സംഭവം മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അവർ കാസർഗോട്ട് ഇറങ്ങുകയായിരുന്നു.

ഇവരെ പിന്നീട് വി.ഐ.പി. മുറിയിലേക്ക് മാറ്റി പിന്നാലെ വന്ന ഭാവ്‌നഗർ-കൊച്ചുവേളി തീവണ്ടിയിൽ കയറ്റിവിടുകയായിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. തീവണ്ടിക്കുള്ളിൽ മാധ്യമങ്ങളെ കണ്ടതിലും വിവാദം കനക്കുന്നു. സി ഒന്ന് കോച്ചിലാണ് എം.പി., എം.എൽ.എ.മാരായ എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷ്‌റഫ് എന്നിവർക്കൊപ്പം മാധ്യമങ്ങളോട് സംസാരിച്ചത്.

അതേസമയം പരീക്ഷണ ഓട്ടം നടത്തുന്ന തീവണ്ടിക്കുള്ളിൽ മാധ്യമങ്ങളെ കണ്ടത് സുരക്ഷാവീഴ്ചയും പ്രോട്ടോകോൾ ലംഘനവുമാണെന്നാണ് ആക്ഷേപം. അത്തരം നടപടികൾ അനുവദനീയമല്ലെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പ്രതികരിച്ചു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More