പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് സുനി സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ തീര്‍ക്കാന്‍ സുപ്രീംകോടതി നല്‍കിയ അന്ത്യശാസനം അവസാനിച്ചിട്ടും സാക്ഷി ബാലചന്ദ്രകുമാറിന്റെ വിസ്താരം തുടരുകയാണ്. വൃക്ക രോഗം ബാധിച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് വിസ്താരം നടക്കുന്നത്. ഇതുവരെ 21 ദിവസമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിച്ചത്.
മൂന്ന് ഘട്ടമായാണ് 21 ദിവസം വിസ്തരിച്ചത്. ഇതില്‍ രണ്ടര ദിവസത്തെ പ്രോസിക്യൂഷന്‍ വിസ്താരം മാറ്റിനിര്‍ത്തിയാല്‍ 18 ദിവസവും പ്രതി ഭാഗമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിച്ചത്. ഇരു വൃക്കകളും സ്തംഭിച്ച് ചികിത്സയിലായതോടെ ഓണ്‍ലൈന്‍ വഴിയാണ് വിസ്താരം. കഴിഞ്ഞ 12 ദിവസമായി തിരുവനന്തപുരം ജില്ലാ കോടതിയിലെ അടച്ചിട്ട മുറിയിലിരുന്നാണ് വിസ്താരത്തില്‍ പങ്കെടുക്കുന്നത്.
ഡയാലിസിസ് പൂര്‍ത്തിയാക്കിയാണ് പല ദിവസങ്ങളിലും ബാലചന്ദ്രകുമാര്‍ വിസ്താരത്തിന് എത്തുന്നത്. തുടരന്വേഷണത്തിനു ശേഷം തുടങ്ങിയ വിചാരണ ജനുവരി 31ന് പൂര്‍ത്തിയാക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. വിസ്താരം അനന്തമായി നീണ്ടതോടെ വിചാരണ കോടതി കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു.
വിചാരണ പ്രോസിക്യൂഷന്‍ നീട്ടി കൊണ്ടു പോവുകയാണെന്ന് ആരോപിച്ച് ദിലീപും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിസ്താരം വലിച്ചു നീട്ടി സമയം നഷ്ടപ്പെടുത്തുന്നത് പ്രതി ഭാഗമാണെന്ന മറുപടിയാണ് പ്രോസിക്യൂഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയത്. വിചാരണയില്‍ ഇടപെടാന്‍ കഴിയില്ലെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.