ശമ്പളം വൈകുന്നു; കെഎസ്ആർടിസിയിൽ ഇന്ന് സംയുക്ത സമരം
ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം ഇന്ന് മുതൽ തുടങ്ങും. സിഐടിയുവും ഐഎൻടിയുസിയും ഒന്നിച്ചാണ് പ്രതിഷേധ ധർണയ്ക്ക് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കെഎസ്ആർടിസി തിരുവനന്തപുരം ചീഫ് ഓഫീസിന് മുന്നിൽ രാവിലെ പത്തരയോടെ സമരം ആരംഭിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.
ഈ പ്രതിഷേധത്തിന് ശേഷം മറ്റ് തുടർ സമരങ്ങളും ആസൂത്രണം ചെയ്യും. ഇതിന് പുറമെ ബിജെപി അനുകൂല സംഘടനയായ ബിഎംഎസിന്റെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ പട്ടിണി സമരവും ഇന്ന് നടത്തും. തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയ്ക്ക് മുന്നിലാണ് ഈ പ്രതിഷേധം നടക്കുക.
അതേസമയം, മാര്‍ച്ച് മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു മാത്രമാണ് ഇതുവരെ ജീവനക്കാര്‍ക്ക് ലഭിച്ചത്. വിഷുവിന് മുമ്പായി രണ്ടാം ഗഡു ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ശമ്പളം നല്‍കാൻ മാനേജ്‌മന്റ് തയ്യാറായില്ല. ഇതാണ് സംയുക്ത പ്രതിഷേധത്തിലേക്ക് നീങ്ങാൻ തൊഴിലാളികളെ പ്രേരിപ്പിച്ചത്. എങ്കിലും സർവീസ് മുടക്കിയുള്ള പണിമുടക്ക് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.