യുഎപിഎ ചുമത്തും; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തുമോ?
ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ഷാരൂഖ് സെയ്ഫിയെ പോലീസ് ചോദ്യം ചെയ്തു തുടങ്ങി. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്. ആദ്യ ചോദ്യം ചെയ്യലില്‍ പോലീസിനു വേണ്ട ഉത്തരങ്ങളല്ല ഷാരൂഖ് നല്‍കിയത്. മൊഴികൾ പലതും നുണയാണെന്ന നിഗമനത്തിലാണ് പോലീസ്. വിശദമായ ചോദ്യം ചെയ്യല്‍ വഴി മാത്രമേ ഇയാളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് വ്യക്തമാകൂ എന്നാണ് വിലയിരുത്തല്‍.
ട്രെയിനില്‍ എന്തിന് തീ കൊളുത്തിയെന്ന ചോദ്യത്തിന് തന്റെ കുബുദ്ധി എന്നാണ് മൊഴി നല്‍കിയത്. ട്രെയിനിൽ തീവയ്ക്കാനുള്ള ആലോചനയും നടത്തിപ്പും ഒറ്റയ്ക്കാണെന്നും പറഞ്ഞിട്ടുണ്ട്. .പക്ഷെ പോലീസ് ഈ വാദം മുഖവിലയ്ക്ക് എടുത്തിട്ടില്ല. പുറത്ത് നിന്നുള്ള സഹായം ഇല്ലാതെ ഈ രീതിയില്‍ ഒരാക്രമണം നടത്താന്‍ ഇയാള്‍ക്ക് കഴിയില്ലെന്ന അനുമാനമാണ് പോലീസിനുള്ളത്. അത് ആരൊക്കെയാണ് എന്നാണ് അറിയാനുള്ളത്. ഈ വിവരങ്ങള്‍ അന്വേഷണത്തെ സംബന്ധിച്ച് സുപ്രധാനമാകും. കോഴിക്കോട്ടെ മാലൂര്‍ എആര്‍ ക്യാമ്പിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. ഇയാളുടെ പേരില്‍ യുഎപിഎ ചുമത്തിയേക്കും എന്നാണ് സൂചന.
താന്‍ ആദ്യമായാണ് കേരളത്തില്‍ വരുന്നത് എന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ആദ്യമായി എത്തുന്ന ഒരാള്‍ക്ക് പുറത്ത് നിന്നു സഹായം ലഭിക്കാതെ ഇത്തരം ഒരു അക്രമണം നടത്താന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ആരൊക്കെ സഹായം നല്‍കിയെന്ന് പോലീസിനു അറിയേണ്ടതുണ്ട്. ആക്രമണം എന്തിനെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല.
കേരളത്തെക്കുറിച്ച് കേട്ടറിവ് മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് മൊഴി നല്‍കിയത്. ഇന്നു രാവിലെ തന്നെ ഷാരൂഖിനെ മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ചിരിക്കുകയാണ്. ഒട്ടനവധി മുറിവുകളാണ് ഷാരൂഖിന്റെ ദേഹത്ത് ഉള്ളത്. ഇതെല്ലാം വിശദമായി രേഖപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ആവശ്യത്തിലധികം സമയെടുത്താകും വൈദ്യപരിശോധന പൂര്‍ത്തിയാക്കുക.
ഷാരൂഖ് സെയ്ഫി ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശിയാണ്. അതുകൊണ്ട് തന്നെ കേന്ദ്ര ഏജന്‍സികളും ഇയാളുടെ പാശ്ചാത്തലം ചികഞ്ഞു രംഗത്തുണ്ട്. സിഐഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊണ്ട സ്ഥലമാണ് ഷഹീന്‍ബാഗ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രവുമാണ്. അതുകൊണ്ട് തന്നെയാണ് ഇയാളുടെ തീവ്രവാദ ബന്ധം ചികഞ്ഞുള്ള അന്വേഷണവും ഒപ്പം നടക്കുന്നത്. അതേസമയം എലത്തൂരില്‍ കണ്ടെത്തിയ ബാഗ് താൻ ഉപേക്ഷിച്ചതല്ലെന്നു ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ബാഗ് അഴിച്ചു നിലത്തുവച്ചാണു ബാഗിൽനിന്നു 2 കുപ്പി പെട്രോൾ പുറത്തെടുത്തത്. ബാഗ് അവിടെ വച്ച ശേഷമാണ് യാത്രക്കാരുടെ മേൽ പെട്രോളൊഴിച്ചത്. തീ പടർന്നതോടെ കോച്ചില്‍ പരിഭ്രാന്തിയായി. . ഈ സമയത്ത് ആരുടെയെങ്കിലും കാലുതട്ടി ബാഗ് പുറത്തേക്കു വീണതാകാമെന്നാണു ഇയാള്‍ മൊഴി നല്‍കിയത്. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരോടാണ് ഇയാള്‍ ഈ കാര്യം പറഞ്ഞത്. ട്രാക്കില്‍ നിന്നും മൂന്നു മൃതദേഹങ്ങള്‍ കണ്ടതിനു സമീപത്താണു ഷാറൂഖിന്റെ ബാഗും കണ്ടെത്തിയത്.
ബാഗിനുള്ളിൽനിന്നു കണ്ടെത്തിയ ഡയറിക്കുറിപ്പിൽനിന്നാണുഇയാളുടെ പേരു തിരിച്ചറിഞ്ഞത്. സിം ഊരിമാറ്റിയ ഒരു മൊബൈൽ ഫോണും ബാഗിലുണ്ടായിരുന്നു. ഇതിന്റെ ഐഎംഇഐ പരിശോധിച്ചപ്പോഴാണു മറ്റൊരു നമ്പറും കണ്ടെത്തിയത്. ഈ നമ്പര്‍ ഷാരൂഖിനെ പിടിക്കാനുള്ള വഴിയായി മാറി. ഈ സിം മറ്റൊരു ഫോണില്‍ ഇട്ട് പരിശോധിച്ചപ്പോഴാണ് ടവര്‍ ലൊക്കേഷന്‍ വഴി മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഇയാള്‍ക്ക് സമീപം എത്തിയത്. ഷാരൂഖ് ഇനി വെളിപ്പെടുത്താന്‍ പോകുന്ന കാര്യങ്ങള്‍ ട്രെയിനിലെ തീവയ്പിനെ സംബന്ധിച്ച് പരമപ്രധാനമാകും.