വ്യക്തി കേന്ദ്രീകൃതമായ പോരാട്ടമല്ല നവോത്ഥാന മുന്നേറ്റം: പിണറായി വിജയൻ
തിരുവനന്തപുരം: വൈക്കം സത്യഗ്രഹം രാജ്യത്തിന് തന്നെ മാതൃകയായ സമാനതകളില്ലാത്ത പോരാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന പോരാട്ടങ്ങൾ ഒറ്റ തിരിഞ്ഞ് നടത്തേണ്ടതല്ല എന്നും വ്യക്തി കേന്ദ്രീകൃതമായ പോരാട്ടമല്ല നവോത്ഥാന മുന്നേറ്റമെന്നും വൈക്കം സത്യഗ്രഹം തെളിയിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമൂഹികമായ രാഷ്ട്രീയ മുന്നേറ്റമായിരുന്നു അത്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരേ രീതിയിലുള്ള സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സംസ്ഥാനങ്ങളാണ് തമിഴ്നാടും കേരളവും. ഐക്യത്തിന്റെ സന്ദേശം നൽകിയ സമരമായിരുന്നു വൈക്കം സത്യഗ്രഹം. ആ ഐക്യം ഇനിയും തുടരും. രാജ്യത്തിന് തന്നെ മാറ്റം വരുത്തുന്ന മുന്നേറ്റത്തിന് ഈ ഐക്യം സഹായകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ നാടിന്റെ പുരോഗമനപരമായ മുന്നേറ്റത്തിന് തടസ്സം നിൽക്കുന്ന ശക്തികളെ തട്ടിമാറ്റണം. അതിന് ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവയ്ക്കണം. ഇന്ന് രാജ്യത്തെ മതരാഷ്ട്രമാക്കുവാനുള്ള നീക്കമാണ് നടക്കുന്നത്. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ സ്ഥാപിക്കുവാൻ നീക്കങ്ങൾ നടക്കുന്നു. അത് തിരിച്ചറിയുവാൻ കഴിയണം. ഇന്ന് നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാനുള്ള ഊർജ്ജമായി ശതാബ്ദിയാഘോഷം മാറട്ടെയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.