ട്രെയിനിലെ തീവെപ്പ് ആസൂത്രിതമെന്ന് പോലീസ്, ദൃശ്യം ലഭിച്ചു: രക്ഷപെടാൻ ചാടിയ 3 പേർ മരിച്ചു

കോഴിക്കോട്: ഓടികൊണ്ടിരുന്ന ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. സംഭവത്തിനുശേഷം ഒരാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. എലത്തൂരിനും കാട്ടില്‍ പീടികയ്ക്കും ഇടയില്‍വെച്ചാണ് റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി എത്തിയ ആള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടത്.

ബൈക്കുമായി ഒരാള്‍ എത്തുകയും ഇറങ്ങി വന്നയാള്‍ അതില്‍ കയറി പോകുകയും ആയിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇറങ്ങി വന്നയാള്‍ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത് എന്നതും പോലീസിന്റെ സംശയം കൂട്ടുന്നു. അതിനിടെ, ട്രെയിനില്‍ അക്രമം നടത്തിയത് ടിക്കറ്റ് റിസര്‍വ് ചെയ്ത് വന്നയാളല്ല എന്ന് ടി.ടി.ആര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് രക്ഷപെടാന്‍ തീവണ്ടിയില്‍ നിന്ന് ചാടിയതെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച പുലര്‍ച്ചെ ട്രാക്കില്‍ കണ്ടെത്തിയത്.

കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ് -ജസീല ദമ്പതിമാരുടെ മകള്‍ രണ്ടരവയസ്സുകാരി ഷഹ്റാമത്ത്, ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്‌മത്ത് (45) എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കില്‍ തലയിടിച്ച് വീണ നിലയിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ട്രാക്കില്‍ കണ്ടെത്തിയത്. തീവണ്ടിയില്‍ നിന്ന് പൊള്ളലേറ്റ് കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി അസ്മ മന്‍സിലില്‍ റാസിഖിനൊപ്പം സഞ്ചരിച്ചവരെ സംഭവത്തിന് ശേഷം കാണാതായിരുന്നു.

ഇതില്‍, പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അടുത്ത ബോഗിയില്‍ നിന്നെത്തിയ ആള്‍ യാതൊരു പ്രകോപനവുമില്ലാതെ രണ്ട് പ്‌ളാസ്റ്റിക്ക് കുപ്പികളില്‍ പെട്രോള്‍ കൊണ്ടുവന്ന് യാത്രക്കാരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയെന്നാണ് ദൃക്സാക്ഷിമൊഴി. ഇതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ മറ്റ് കംപാര്‍ട്ട്‌മെന്റുകളിലേക്ക് ഓടി. പരിക്കേറ്റവരെല്ലാം സീറ്റില്‍ ഇരിക്കുന്നവരായിരുന്നു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More