സോൺട കമ്പനിക്ക് കരാർ കൊടുത്തത് മുഖ്യമന്ത്രിയുമായി വിദേശത്ത് ചർച്ച നടത്തിയ ശേഷം: ആരോപണവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ നിർമ്മാർജ്ജന പ്ലാന്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സോൺട കമ്പനി വിദേശത്ത് ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് കമ്പനിക്ക് കരാർ കൊടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അതിന് ശേഷമാണ് കേരളത്തിലെ കോർപ്പറേഷനുകളിൽ ഈ കമ്പനിക്ക് കരാർ ലഭിച്ചത്. കോൺഗ്രസ് നേതാക്കൾക്കും ഈ ഇടപാടിൽ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ബ്രഹ്മപുരത്ത് ബയോ മൈനിങ്ങിനു വേണ്ടി കരാർ നൽകിയ സോൺട ഇൻഫ്രടെക് കമ്പനിക്ക് വേസ്റ്റ് എനർജി പ്രൊജക്ട് കൈമാറിയതെന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. ഒൻപതുമാസം കൊണ്ട് പൂർത്തിയാക്കണമെന്നായിരുന്നു കരാർ. അതിൽ വീഴ്ച വരുത്തിയ കമ്പനിക്ക് എതിരെ നടപടിയെടുത്തില്ല. 54 കോടിക്ക് കരാർ ലഭിച്ച സോൺട ഉപകരാർ നൽകിയത് 22 കോടിക്കായിട്ടും സർക്കാർ മിണ്ടിയില്ല. 32 കോടി രൂപയുടെ പ്രത്യക്ഷ അഴിമതി കണ്ടിട്ടും കോർപ്പറേഷനോ സർക്കാരോ നടപടിയെടുക്കാത്തത് അഴിമതിയിൽ പങ്കുപറ്റിയതു കൊണ്ടാണ്. ഈ കമ്പനിയുമായി വിദേശത്ത് മുഖ്യമന്ത്രി ചർച്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ കാര്യങ്ങൾ എല്ലാം വ്യക്തമായി. സോൺട കമ്പനിയുമായി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടാണ് 12 ദിവസം കൊച്ചിക്കാർ തീപ്പുക ശ്വസിച്ചിട്ടും പിണറായി വിജയൻ കമ എന്നൊരക്ഷരം മിണ്ടാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.

തീ അണയ്ക്കാൻ സംസ്ഥാനം എൻഡിആർഎഫിനെ വിളിക്കാതിരുന്നതും കേന്ദ്ര ആരോഗ്യമന്ത്രി വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയക്കാമെന്ന് പറഞ്ഞതിന് മറുപടി പറയാതിരുന്നതിനും പിന്നിൽ അഴിമതി പുറത്തറിയാതിരിക്കാനുള്ള വെപ്രാളമായിരുന്നു. ബ്രഹ്മപുരം സംഭവത്തിന് ദേശീയ ശ്രദ്ധ ലഭിച്ചാൽ അഴിമതി രാജ്യം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഭയന്നുവെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More