ഇടുക്കിയിൽ വിദ്യാർത്ഥികൾ നോക്കിനിൽക്കെ അദ്ധ്യാപകൻ സഹ അദ്ധ്യാപികയുടെ വസ്ത്രം വലിച്ചു കീറി, ജാതിപ്പേര് വിളിച്ചു

ഇടുക്കി : വിദ്യാർത്ഥികൾ നോക്കിനിൽക്കെ അദ്ധ്യാപകൻ സഹ അദ്ധ്യാപികയുടെ വസ്ത്രം വലിച്ചു കീറിയതായും ജാതിപ്പേര് വിളിച്ച് അപമാനിച്ചതായും പരാതി. ഇരുമ്പുപാലം സർക്കാർ എൽപി സ്‌കൂളിലെ താത്കാലിക അധ്യാപികയുടെ പരാതിയിൽ അടിമാലി പോലീസ് കേസെടുത്തു. അധ്യാപികയോട് അപമര്യാദയായി പെരുമാറിയതിന് ഇരുമ്പുപാലം എൽപി സ്‌കൂളിലെ സീനിയർ അസിസ്റ്റന്റായ ഷെമീമിനെതിരെയാണ് കേസെടുത്തത്.

സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലാണ്. മുൻപും ഇയാൾ അദ്ധ്യാപികയോട് മോശമായി പെരുമാറിയതായും ആരോപണമുണ്ട്. ഇയാൾക്കെതിരെ അധ്യാപിക ഹെഡ് മാസ്റ്റർക്ക് പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായ അധ്യാപകൻ ക്ലാസെടുത്തുകൊണ്ടിരിക്കെ വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് അധ്യാപികയുടെ ഷാൾ വലിച്ചുകീറുകയായിരുന്നു. അധ്യാപകൻ വിദ്യാർഥികളുടെ മുന്നിൽവച്ച് ജാതിപ്പേരു വിളിച്ചും വസ്ത്രം കീറി അപമാനിക്കാൻ ശ്രമിച്ചതിനും പട്ടികജാതി/വർഗ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു.

ക്ലാസിനിടെ വിദ്യാർഥികൾ കണ്ടുനിൽക്കെ, തന്നെ വിളിച്ചിറക്കി ജാതിപ്പേരു വിളിച്ചെന്നും അസഭ്യം പറഞ്ഞെന്നും ചുരിദാറിനുമേൽ ധരിച്ചിരുന്ന ഷാൾ വലിച്ചൂരാൻ ശ്രമിച്ചെന്നുമാണു യുവതിയുടെ പരാതി. പ്രതി അടിക്കാൻ ശ്രമിച്ചെന്നും ഷാൾ വലിച്ചപ്പോൾ ചുരിദാർ കീറിപ്പോയെന്നും പരാതിയിലുണ്ട്. തൊഴിലിടത്തെ വൈരാഗ്യമാണ് അവഹേളനത്തിനു കാരണമെന്നാണു യുവതി പറയുന്നത്.

സംഭവത്തിൽ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് അധ്യാപിക കുറ്റപ്പെടുത്തി. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് അടുത്ത മാസം മുതൽ സ്കൂളിനു മുൻപിൽ നിരാഹാര സമരം നടത്തുമെന്ന് അധ്യാപികയും കുടുംബാംഗങ്ങളും അറിയിച്ചു. അന്വേഷണം നടന്നുവരികയാണെന്നു ഡിവൈഎസ്പി ബിനു ശ്രീധർ പറഞ്ഞു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More