സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍ അസംബന്ധം; നട്ടാൽ പൊടിക്കാത്ത നുണയെന്ന് സിപിഎം

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്ന് സിപിഎം സെക്രട്ടേറിയറ്റ്.  സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് കേന്ദ്ര ഏജൻസികളാണ്. കേന്ദ്ര ഏജൻസികളെടുത്ത കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ള ആർക്കും അറിയാവുന്നതാണെന്നും സിപിഎം പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

എന്നിട്ടും സംസ്ഥാന ഭരണത്തിന്‌ നേതൃത്വം നല്‍കുന്ന പാര്‍ട്ടി എന്ന നിലയില്‍ അവ പിന്‍വലിക്കാന്‍ വാഗ്‌ദാനം നല്‍കിയെന്നത്‌ നട്ടാല്‍ പൊടിക്കാത്ത നുണയാണ്‌. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഇക്കാര്യം മനസ്സിലാക്കാമെന്നിരിക്കെ ഇതിന്റെ പേരില്‍ പാര്‍ടിക്കും, സര്‍ക്കാരിനുമെതിരെ കള്ള പ്രചാരവേലകള്‍ അഴിച്ചുവിടാനാണ്‌ പ്രതിപക്ഷ പാര്‍ടികളും, ചില മാധ്യമങ്ങളും ശ്രമിക്കുന്നത്‌. ചില മാധ്യമങ്ങളും, പ്രതിപക്ഷവും എല്ലാം ചേര്‍ന്ന്‌ തയ്യാറാക്കുന്ന ഈ തിരക്കഥകളില്‍ ഇനിയും പുതിയ കഥകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന്‌ ഇതുവരെ നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക്‌ ബദലുയര്‍ത്തിക്കൊണ്ട്‌ മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ പലവിധത്തില്‍ സംഘപരിവാര്‍ ഇടപെടുകയാണ്‌. സംസ്ഥാന സര്‍ക്കാരിന്‌ അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നല്‍കാതെയും, ഗവര്‍ണറെ ഉപയോഗിച്ച്‌ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനുമുള്ള നടപടികള്‍ ഇതിന്റെ തുടര്‍ച്ചയാണ്‌.

മാത്രമല്ല കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പദ്ധതികളെ തകര്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി.

കേന്ദ്ര ഏജന്‍സികളെടുത്ത കേസ്‌ പിന്‍വലിക്കാമെന്ന വാഗ്‌ദാനം ഇടനിലക്കാരെക്കൊണ്ട്‌ പാര്‍ടി ചെയ്യിച്ചുവെന്ന കള്ളക്കഥ ഈ ഘട്ടത്തിലാണ്‌ പ്രചരിക്കുന്നത്‌ എന്നതോര്‍ക്കണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഘട്ടത്തിലും, നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഘട്ടത്തിലും ഇതുമായി ബന്ധപ്പെട്ട്‌ നടത്തിയ എല്ലാ പ്രചരണങ്ങളേയും കേരളത്തിലെ പ്രബുദ്ധജനത തള്ളിക്കളഞ്ഞതാണ്‌. അവരുടെ മുമ്പിലാണ്‌ ഇത്തരം നുണകളുമായി വീണ്ടും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന്‌ അപവാദപ്രചരണക്കാര്‍ മനസ്സിലാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More